
തിരുവനന്തപുരം: കോഴിക്കോടന്‍ ഹല്‍വയുമായി വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി. തൊട്ടില്‍പ്പാലം കൂടല്‍ എല്‍പി സ്കൂളിലെ കുട്ടികളാണ് പഠന യാത്രയ്ക്കിടെ മന്ത്രി മന്ദിരത്തിൽ എത്തിയത്. സ്കൂളിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്താമെന്ന വാഗ്ദാനം മന്ത്രി കുട്ടികള്‍ക്ക് നല്‍കി.
വയനാടുമായി അതിരു പങ്കിടുന്ന കോഴിക്കോട്ടെ മലയോര ഗ്രാമത്തില്‍ നിന്നാണ് വരവ്. മന്ത്രിയെ, അല്ല മന്ത്രി അപ്പൂപ്പനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. പഠന യാത്രയ്ക്കായി തിരുവനന്തപുരത്ത് എത്തിയ കൂടലില്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് മന്ത്രി മന്ദിരം തന്നെ കൗതുകക്കാഴ്ച. അല്‍പനേരം കാത്തിരുന്നു. മന്ത്രി ഓഫിസില്‍ നിന്ന് പാഞ്ഞെത്തി. പിന്നെ കൊച്ചുവര്‍ത്തമാനങ്ങള്‍.
കയ്യില്‍ കരുതിയ നല്ല കോഴിക്കോടന്‍ ഹല്‍വ മന്ത്രിക്ക് സമ്മാനം. നിറയെ മിഠായികള്‍ തിരിച്ചും. നല്ല സന്തോഷമെന്ന് കുട്ടികൾ. കിഫ് ബി ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്‍റെ തറക്കല്ലിടലിന് വിദ്യാർത്ഥികളുമായെത്തി ക്ഷണിക്കുക എന്ന ലക്ഷ്യം കൂടി ഈ വരവിനുണ്ടെന്ന് പ്രധാന അധ്യാപകൻ പ്രശാന്ത് കുമാർ പറഞ്ഞു. സ്കൂളിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തരണമെന്ന ആവശ്യവും കുട്ടികള്‍ മന്ത്രിക്ക് മുന്നില്‍ വച്ചു. കുട്ടികളുടെ വരവില്‍ മന്ത്രി വി ശിവന്‍കുട്ടിയും ഹാപ്പി.