കടുത്ത ആന പ്രേമം, ആനയെ കാണാനും ഒത്താൽ വാങ്ങാനുമായി നാടുവിട്ട് വിദ്യാർത്ഥികൾ; ഒടുവിൽ സംഭവിച്ചത്..!

By Web TeamFirst Published Nov 4, 2021, 12:02 PM IST
Highlights

ചൊവ്വാഴ്ചയാണ് തൊടുപുഴ കരിമണ്ണൂരിൽ നിന്ന് ഇവരെ കാണാതായത്. പൊലീസിൽ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. ഇരുവരും ആന കമ്പക്കാരാണെന്നും ആനയെ കാണാൻ പോവുതയാണെന്ന് സഹപാഠികൾക്ക് കത്തെഴുതിയും അന്വേഷണത്തിൽ വഴിത്തിരിവായി. ഇതോടെ ആനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കെല്ലാം പൊലീസ് അന്വേഷണം വ്യാപിപിച്ചു

തൊടുപുഴ: കലശലായ ആനപ്രേമം മൂലം കോടനാട്ടേക്ക് നാടുവിട്ട വിദ്യാർത്ഥികളെ തിരികെയെത്തിച്ചു. ആനയേ കാണാൻ പോകുന്നു... പറ്റിയാൽ ഒരാനെയെ വാങ്ങിയിട്ടേ തിരികെ വരികയുള്ളൂ എന്നെഴുതി വച്ചാണ് പത്താം ക്ലാസുകാരായ രണ്ട് വിദ്യാർത്ഥികൾ നാടുവിട്ടത്. ചൊവ്വാഴ്ചയാണ് തൊടുപുഴ കരിമണ്ണൂരിൽ നിന്ന് ഇവരെ കാണാതായത്. പൊലീസിൽ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. ഇരുവരും ആന കമ്പക്കാരാണെന്നും ആനയെ കാണാൻ പോവുകയാണെന്ന് സഹപാഠികൾക്ക് കത്തെഴുതിയും അന്വേഷണത്തിൽ വഴിത്തിരിവായി.

ഇതോടെ ആനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കെല്ലാം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിവിധ സ്റ്റേഷനുകളിൽ അറിയിപ്പും കൊടുത്തു. ​ഗുരുവായൂർ, കോടനാട് എന്നിവിടങ്ങളിലാണ് ഇവർ എത്തിച്ചേരാൻ കൂടുതൽ സാധ്യതയെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നു. അതിനാൽ ഈ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. അങ്ങനെ കോടനാട് പൊലീസിന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കോടനാട് ആനപരിശീലന കേന്ദ്രത്തിനു സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയത്.

ഒടുവിൽ കരിമണ്ണൂർ പൊലീസ് കോടനാട് എത്തി കുട്ടികളുമായി നാട്ടിലേക്ക് തിരിയെത്തി മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു. കോടനാട് ആനപരിശീലന കേന്ദ്രത്തിനുള്ളിൽ കയറണമെങ്കിൽ രണ്ട് പേർക്കും കൂടെ 60 രൂപ വേണമായിരുന്നു. എന്നാൽ, ഇരുവരുടെയും കൈവശം 30 രൂപ മാത്രമാണ് അവിടെ എത്തിയപ്പോഴേക്കും ബാക്കിയുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി നക്ഷത്രക്കുളത്തിന്റെ അവിടെയാണ് ഇവർ തങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പഠിക്കുന്ന സ്കൂളിലെ അധ്യാപകരും സ്റ്റേഷനിലെത്തിയിരുന്നുവെന്നും കരിമണ്ണൂർ പൊലീസ് പറഞ്ഞു. 

click me!