ഉരുള്‍പൊട്ടലില്‍ ദുരിതമേറ്റുവാങ്ങിയവര്‍ക്ക് വീടൊരുക്കി വിദ്യാര്‍ഥികള്‍

By Web TeamFirst Published Jan 3, 2020, 10:16 AM IST
Highlights

കോഴിക്കോട് ജില്ലയിലെ 139 എന്‍ എസ് എസ് യൂണിറ്റുകളിലെ 13,946 വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് കരിഞ്ചോലക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ ധനസമാഹരണം നടത്തിയത്

കോഴിക്കോട്: കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിര്‍മ്മിച്ച രണ്ട് വീടുകളുടെ സമര്‍പ്പണം ആറിന് നടക്കും. വൈകുന്നേരം 3 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് താക്കോല്‍ കൈമാറും. കാരാട്ട് റസാഖ്  എം എല്‍ എ അധ്യക്ഷത വഹിക്കും. എന്‍ എസ് എസ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.

കരിഞ്ചോലമല അപകടം നടന്നപ്പോള്‍ അവിടെ സന്ദര്‍ശനം നടത്തിയ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ വീട് തകര്‍ന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണമെന്ന ചിന്തയില്‍ നിന്നാണ് രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയത്. കോഴിക്കോട് ജില്ലയിലെ 139 എന്‍ എസ് എസ് യൂണിറ്റുകളിലെ 13,946 വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് കരിഞ്ചോലക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ ധനസമാഹരണം നടത്തിയത്. പദ്ധതിക്കുവേണ്ടി 16 ലക്ഷം രൂപ വളണ്ടിയര്‍മാര്‍ സമാഹരിച്ചു.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകുണ്ടയില്‍ കനിവ് ഗ്രാമം സൗജന്യമായി നല്‍കിയ 10സെന്‍റ് സ്ഥലത്താണ് രണ്ടു വീടുകളുടെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ഞൂറ് വീതം ചതുരശ്ര അടിയിൽ തീർത്ത വീടുകൾ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ട സുമതി കരിഞ്ചോലയ്ക്കും അനന്യ അനിൽകുമാറിനുമാണ് കൈമാറുന്നത്. ഒരുവീടിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ എസ് ശ്രീജിത്ത് അറിയിച്ചു.

click me!