ബസ് നിര്‍ത്തിയില്ല, സ്കൂളിലെത്താന്‍ ഗുഡ്സ് ഓട്ടോ വിളിച്ച് വിദ്യാര്‍ത്ഥികള്‍; നടപടിയുമായി ആര്‍ടിഒ

By Web TeamFirst Published Feb 24, 2022, 4:48 PM IST
Highlights

പൂവാര്‍-ബാലരാമപുരം റൂട്ടില്‍ വഴിമുക്കില്‍ വച്ചാണ് 10 ലെറെ വിദ്യാര്‍ത്ഥികള്‍ ഗുഡ്സ് ഓട്ടോയില്‍ കയറി സ്കൂളിലേക്ക് പോയത്. 


തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിച്ച ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ നെയ്യാറ്റിന്‍കര ജോയന്‍റ് ആര്‍ടിഒയുടെ നടപടി. വാഹനം കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവർക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ബാലരാമപുരം വഴിമുക്ക് ജംങ്ഷനില്‍ വെച്ചാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി വിദ്യാര്‍ത്ഥികള്‍ ബസ് കാത്തു നിന്നെങ്കിലും വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് സമയത്തിന് സ്കൂളിലെത്താനായി വിദ്യാര്‍ത്ഥികള്‍ അതുവഴി പോയ ഗുഡ്സ് ഓട്ടോ റിക്ഷ കൈ കാണിച്ച് നിര്‍ത്തുകയും അതില്‍ കയറി സ്കൂളിലേക്ക് പോവുകയുമായിരുന്നു. ഈ ഗുഡ്സ് ഓട്ടോയുടെ ഡ്രൈവര്‍ക്കെതിരെയാണ് ജോയന്‍റ്  ആര്‍ടിഒയുടെ നടപടി. 

ഗുഡ്സ് വാഹനത്തില്‍ വിദ്യാര്‍ത്ഥികള്‍ പോകുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിനെ തുടര്‍ന്നാണ് നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തിയത്. വാഹനത്തിന് ഇന്‍ഷുറന്‍സോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോയില്ലെന്ന് ജോയന്‍റ് ആര്‍.ടി.ഒയുടെ പരിശോധനയില്‍ കണ്ടെത്തി. പൂവാര്‍-ബാലരാമപുരം റൂട്ടില്‍ വഴിമുക്കില്‍ വച്ചാണ് 10 ലെറെ വിദ്യാര്‍ത്ഥികള്‍ ഗുഡ്സ് ഓട്ടോയില്‍ കയറി സ്കൂളിലേക്ക് പോയത്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം ആരുടേതാണെന്ന് കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ഡ്രൈവര്‍ ഹാജാ ഹുസൈന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. അതിന് മുന്നോടിയായി കാരണം കാണിക്കൽ  നോട്ടീസ് നല്‍കി. 

ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ ബസ് കിട്ടാത്തതിനെ തുടര്‍ന്ന് സ്കൂളിലെത്താന്‍ വൈകുന്നത് കാരണമാണ് ഗുഡ്സ് ഓട്ടോയെ ആശ്രയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ബാലരാമപുരം നെല്ലിമൂട് കോണ്‍വെന്‍റ്  സ്‌കൂളിലെത്തി കുട്ടികള്‍ക്കാവശ്യമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ ജോയന്‍റ് ആര്‍ടിഒ പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കി. സ്‌കൂളിലെ 10 ബസുകള്‍ അറ്റകുറ്റപണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് സര്‍വീസ് നടത്തുന്നില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇത് ഉടന്‍ പരിഹരിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. തിരക്ക് കാരണം വഴിമുക്കില്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്താറില്ലെന്ന പരാതിയുണ്ട്. അതിനാല്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളുടെയെണ്ണം കൂട്ടണണെന്നാവശ്യവും ശക്തമാണ്. ബുധനാഴ്ചയും കെഎസ്ആര്‍ടിസി ബസുകള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ  പോകുന്നതിന്‍റെ ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. കൂടുതല്‍ കുട്ടികള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നതായും നാട്ടുകര്‍ പറയുന്നു. കുട്ടികളെ സഹായിച്ച ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ച ആര്‍ടിയോയുടെ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. 
 

click me!