തീരദേശത്തെ അവയവ കച്ചവടം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published : Feb 24, 2022, 11:50 AM ISTUpdated : Feb 24, 2022, 11:57 AM IST
തീരദേശത്തെ അവയവ കച്ചവടം;  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Synopsis

 ഉപജീവനം മുന്നോട്ട് കൊണ്ട് പോകാൻ വൃക്ക മാഫിയകളുടെ പ്രാദേശിക ഏജന്‍റുമാർ ആകേണ്ട ഗതികേടിലാണ് തീരദേശവാസികളെന്നും അദ്ദേഹം പറയുന്നു. 

തിരുവനന്തപുരം: തീരദേശത്തെ സാമ്പത്തിക പരാധീനത മുതലെടുത്ത് സ്ത്രീകൾ ഉൾപ്പടെയുള്ളവർ വൃക്ക കച്ചവടം ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും തീരദേശ ജനതയ്ക്ക് കൃത്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കാട്ടി നഗരസഭാ വാർഡ് കൗൺസിലർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിഴിഞ്ഞം കോട്ടപ്പുറം വാർഡ് കൗൺസിലർ പനിയടിമയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. 

വിഴിഞ്ഞം തുറമുഖത്തിന്‍റെ അനന്തര ഫലങ്ങളും കോവിഡ് മഹമാരിയെ തുടർന്നുള്ള പ്രതിസന്ധികളും കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് തന്‍റെ വാർഡിലുള്ളതെന്നും മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് എന്നിവയ്ക്ക് വേണ്ടി വാങ്ങുന്ന കടങ്ങൾ തിരിച്ച് നൽകാൻ കഴിയാതെ വൃക്ക വിറ്റ് ജീവിക്കേണ്ട സഹചര്യമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നതെന്നും അദേഹം കത്തിൽ പറയുന്നു. അടുത്തിടെ വന്ന വാർത്തകൾ ഇതിന്‍റെ വ്യാപ്തി വിളിച്ചോതുന്നുണ്ടെന്നും അദേഹം പറയുന്നു. 

തന്നാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും അനധികൃത അവയവ കച്ചവടത്തിന് തയ്യാറായി മുന്നിട്ടിറങ്ങുന്നുണ്ട്. അറിവില്ലായ്മ കൊണ്ട് വൃക്ക നൽകിയവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം എഴുനേറ്റ് നിൽക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണെന്നും കത്തില്‍ പറയുന്നു. അവയവ കച്ചവടത്തിലൂടെ പലര്‍ക്കും കമ്മീഷൻ തുക ലഭിച്ചെങ്കിലും ഉപജീവനം മുന്നോട്ട് കൊണ്ട് പോകാൻ വൃക്ക മാഫിയകളുടെ പ്രാദേശിക ഏജന്‍റുമാർ ആകേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറയുന്നു. 

ഗുരുതരമായ സംഭവം വാര്‍ത്തയായിട്ടും ഇപ്പോഴും 'എല്ലാം തങ്ങൾ നോക്കാം' എന്നതരത്തില്‍, തീരദേശ ജനതയുടെ ദുരിതം മുതലെടുത്ത് പ്രധാന ഏജന്‍റുമാർ തീരദേശത്ത് നിന്ന് ആളുകളെ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഇതിന് അറുതി വരുത്താൻ വിഷയത്തിൽ അടിയന്തര ശ്രദ്ധ കൊണ്ട് വരണമെന്നും തീരദേശ ജനന്തയ്ക്ക് കൃത്യമായ ആനുകൂല്യങ്ങൾ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും തീരദേശത്തെ സ്ത്രീകൾക്ക് വിവിധ തൊഴിൽ മേഖലകൾ തുടങ്ങുന്നതിന് സഹായം നല്‍കി, സര്‍ക്കാര്‍ കൈത്താങ്ങ് ആകണമെന്നും കൗണ്‍സിലര്‍ പനിയടിമ കത്തിൽ ആവശ്യപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക് : വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വിറ്റതായി പൊലീസ് - ആരോഗ്യവകുപ്പുകളുടെ റിപ്പോര്‍ട്ട്

തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ (Organ Mafia) പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ പരസ്പരം പഴിചാരി പൊലീസും (Police) ആരോഗ്യവകുപ്പും (Health department)രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ കേസെടുക്കേണ്ടത് പൊലീസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിന്‍റെ തുടര്‍ നടപടിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബന്ധുക്കൾ അല്ലാത്തവർക്കാണ് വൃക്കകൾ നൽകിയിരിക്കുന്നതെന്നും ഇതിൽ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന് ആരോഗ്യവകുപ്പിന്‍റെ വാദം. സിറ്റി പൊലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരിൽ നിന്ന് ശേഖരിച്ച മൊഴികളിൽ സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങാതെയാണ് വൃക്ക ദാനം ചെയ്തതെന്നാണ് പറയുന്നുണ്ടെങ്കിലും വാണിജ്യ ഇടപെടലുകൾ നടന്നതായും പണം വാങ്ങിയാണ് വ്യക്തികള്‍ വൃക്കകൾ നൽകിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

എന്നാല്‍, അവയവദാന നിയമ പ്രകാരം വിഷയത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ലഭിച്ച രണ്ട് പരാതികളിലും ഇതുവരെയായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനാൽ പൊലീസിന് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വൃക്ക വിൽപ്പനയുമായി ബന്ധപ്പെട്ട് മാർച്ച് 4ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഇരു റിപ്പോട്ടുകളിലും വാദം കേൾക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം