പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച് തളിയാപറമ്പ് ​ഗവ. എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും

By Web TeamFirst Published Jan 20, 2020, 8:51 PM IST
Highlights

കൃഷി ചെയ്യുന്ന പച്ചക്കറി വിതരണം ചെയ്യാൻ വെള്ളിയാഴ്ചകളിൽ പച്ചക്കറി ചന്തയുമുണ്ട്. വർഷത്തിൽ 50ൽ ഏറെ ദിവസങ്ങളിൽ ആവശ്യമായുള്ള ഉച്ചഭക്ഷണത്തിനുള്ള വിഭവം സ്വയം കണ്ടെത്തി ജൈവ ഭക്ഷണം ഉറപ്പു വരുത്താനും വിദ്യാലയത്തിന് കഴിഞ്ഞു. 

ആലപ്പുഴ: കാർഷിക മേഖലയുടെ ഭാവി തങ്ങളുടെ കൈകളിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ് തളിയാപറമ്പ് ഗവ. എൽ പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കാർഷിക വിദ്യാലയത്തിനുള്ള ജില്ലാതല പുരസ്കാരത്തിൽ ഈ വർഷത്തെ ഒന്നാം സ്ഥാനവും ഈ സ്കൂളാണ് കരസ്ഥമാക്കിയത്. അഞ്ചു വർഷമായി മികച്ച രീതിയിൽ കൃഷി നടത്തുന്ന വിദ്യാലയമാണിത്. 

പച്ചക്കറി കൃഷിക്കു പുറമേ വാഴ, കപ്പ, മഞ്ഞൾ, കുറ്റിമുല്ല, ബന്തി പൂവ്, പാഷൻ ഫ്രൂട്ട്, ചീര തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഒന്നര ഏക്കർ പറമ്പ് പാട്ടത്തിനെടുത്ത് വിപുലമായ പച്ചക്കറി കൃഷിയാണ് സ്കൂളിൽ നടത്തിയത്. തികച്ചും ജൈവമായ രീതിയിൽ മണ്ണിനെ വളക്കൂറുള്ളതാക്കി പരുവപ്പെടുത്തിയാണ് പച്ചക്കറി കൃഷി സാധ്യമാക്കുന്നത്. 

കൃഷി ചെയ്യുന്ന പച്ചക്കറി വിതരണം ചെയ്യാൻ വെള്ളിയാഴ്ചകളിൽ പച്ചക്കറി ചന്തയുമുണ്ട്. വർഷത്തിൽ 50ൽ ഏറെ ദിവസങ്ങളിൽ ആവശ്യമായുള്ള ഉച്ചഭക്ഷണത്തിനുള്ള വിഭവം സ്വയം കണ്ടെത്തി ജൈവ ഭക്ഷണം ഉറപ്പു വരുത്താനും വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പിന്തുണയോടെയാണ് കാർഷിക പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. 
 

click me!