വേനൽച്ചൂടേറുന്നു, തലസ്ഥാനത്ത് ഒന്നരമാസത്തിനിടെ ഫയർഫോഴ്സ് തീയണച്ചത് 400 സ്ഥലങ്ങളിൽ

Published : Feb 18, 2025, 10:32 PM IST
 വേനൽച്ചൂടേറുന്നു, തലസ്ഥാനത്ത് ഒന്നരമാസത്തിനിടെ ഫയർഫോഴ്സ് തീയണച്ചത് 400 സ്ഥലങ്ങളിൽ

Synopsis

തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് കേന്ദ്രങ്ങളിലും പ്രതിദിനം ശരാശരി പത്തോളം ഫോണ്‍ കോളുകൾ എത്തുന്നുണ്ട്. ജനുവരി മുതൽ ഇന്നലെ വരെ മാത്രം ജില്ലയിൽ ഇതുവരെ തീപിടിച്ചതുമായി ബന്ധപ്പെട്ട് 400 ൽ പരം കോളുകളാണ് എത്തിയത്. 

തിരുവനന്തപുരം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം വ്യാപകം. പുല്ലുപിടിച്ച പുരയിടങ്ങളിലും കാട്ടുപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ഒന്നരമാസമായി തീപിടിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ മലയോര മേഖലകളിലാണ് തീപിടിത്തം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.  ഇവിടേക്കെത്തിച്ചേരാനുള്ള റോഡ് സൗകര്യങ്ങളുടെ അഭാവം പലപ്പോഴും ഫയർഫോഴ്സ് സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. അമ്പൂരിൽ കഴിഞ്ഞ ദിവസം അടിക്കാടിന് തീപിടിച്ച് റബർതോട്ടം ഉൾപ്പെടെ നൂറ്റിയമ്പതോളം ഏക്കറാണ് കത്തിനശിച്ചത്. ഇതിൽ കശുമാവ്, അക്കേഷ്യ മരങ്ങള്‍ ഉൾപ്പെടുന്നു. കോവളത്ത് പുല്ലുപിടിച്ച പുരയിടത്തിൽ തീപടർന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്തി. ചെറുതും വലുതുമായ സംഭവങ്ങൾ പെരുകുന്നതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്  ഫയർഫോഴ്സ് നിര്‍ദേശിച്ചിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയർഫോഴ്സ് കേന്ദ്രങ്ങളിലും പ്രതിദിനം ശരാശരി പത്തോളം ഫോണ്‍ കോളുകൾ എത്തുന്നുണ്ട്. ജനുവരി മുതൽ ഇന്നലെ വരെ മാത്രം ജില്ലയിൽ ഇതുവരെ തീപിടിച്ചതുമായി ബന്ധപ്പെട്ട് 400 ൽ പരം കോളുകളാണ് എത്തിയത്. ഇവിടെയെല്ലാം അടിയന്തരമായോടിയെത്തിയാണ് ഫയര്‍ഫോഴ്സ് നടപടികള്‍ സ്വീകരിക്കുന്നത്. തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം വന്നത് 80 ഫോണ്‍ കോളുകളാണ്. ചൂടിന് ഇനിയും ശക്തിവർധിക്കുന്നതോടെ തീപിടിത്തങ്ങളുടെ എണ്ണവും വർധിക്കുമെന്നാണ് വിലയിരുത്തൽ.  പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ഫയർഫോഴ്സിന്‍റെ നിർദ്ദേശം.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

* ചപ്പുചവറുകൾ കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. തീ പൂർണമായി അണഞ്ഞുവെന്ന് ഉറപ്പുവരുത്തുക.
* തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ തീ കത്തിക്കരുത്.
* അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക.
* ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം.
* തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം. വലിയ തോട്ടമെങ്കിൽ ഫയർബ്രേക്കർ പോലുള്ളവ സജ്ജീകരിക്കണം.
*സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കുക.
* പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പുലർത്തുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക.
* കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.
* വനംവകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
*അഗ്നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
*തീപിടിച്ച സ്ഥലത്തെ വാഹന സൗകര്യം ഉൾപ്പടെ അറിയിക്കുക.

Read more: ദുരൂഹം ! കോവളത്ത് അഞ്ചേക്കർ സ്ഥലത്ത് തീപിടിക്കുന്നത് രണ്ടാം തവണ, ഫയർഫോഴ്സെത്തി തീയണച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!