
മലപ്പുറം: കേരളത്തില്‍ പല വീടുകളിലും ഇഗ്വാനയെ (iguanas) വളര്‍ത്തുന്നുണ്ടെങ്കിലും മുട്ടയിട്ട് വിരിയുന്നത് അപൂര്‍വമാണ്. മഞ്ചേരി കാരക്കുന്ന് സ്വദേശി സുനീറിന്റെ (Suneer) വീട്ടിലാണ് ഇഗ്വാന മുട്ടയിട്ടത്. രണ്ടര വര്‍ഷമായി ഇഗ്വാനകളെ വളര്‍ത്തുന്ന സുനീറിന്റെ പക്കല്‍ അഞ്ച് ഇനം ഇഗ്വാനകളുണ്ട്. 65 മുതല്‍ 90 ദിവസം വരെയാണ് മുട്ട വിരിയാന്‍ എടുക്കുന്ന സമയം. 40 ഓളം മുട്ടകളാണ് സുനീറിന്റെ പക്കല്‍ വിരിയാന്‍ ഇരിക്കുന്നത്. മണല്‍ പരപ്പില്‍ മുട്ടയിട്ട് മറ്റുള്ളവരുടെ ഇടപെടലില്ലാതെ വിരിയുന്നതാണ് സാധാരണ രീതി. എന്നാല്‍ മുട്ട പൊട്ടാതിരിക്കാന്‍ കൂട്ടില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ഒരു പാത്രത്തിലേക്ക് മാറ്റുകയാണ് സുനീര്‍ ചെയ്യുന്നത്. ചാരനിറമുള്ള ചാര്‍ളിയും ചുവന്ന നിറമുള്ള ടോണിയും നീലനിറത്തിലുള്ള റോക്കിയും വീട്ടിലെ അരുമകളാണ്. മാത്രമല്ല കടല്‍കടന്ന് എത്തിയ ഈ മെക്‌സിക്കന്‍ ഓന്തുകള്‍ നാട്ടിലും താരങ്ങളാണ്.
ലോക്ക് ഡൗണ്‍ കാലയളവില്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവരില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയില്‍ ആദ്യമായാണ് ഇഗ്വാനകള്‍ക്ക് ഫാം ഒരുക്കുന്നത്. രണ്ടര വര്‍ഷമായി ഇഗ്വാനകളെ വളര്‍ത്തുന്ന സുനീറിന്റെ പക്കല്‍ അഞ്ച് ഇനം ഇഗ്വാനകളുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സുനീര്‍ ഇവയെ വാങ്ങിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചാര്‍ളി എന്ന ഇഗ്വാന കഴിഞ്ഞ ആഴ്ചയില്‍ മുട്ടയിട്ടത്.
അന്തരീക്ഷ ഊഷ്മാവില്‍ വിരിയുമെങ്കിലും പ്രത്യേക സംരക്ഷണം നല്‍കി വിരിയിക്കാനാണ് സുനീറിന്റെ ശ്രമം. ഇണ ചേര്‍ന്ന് 65 ദിവസം കഴിഞ്ഞാണ് ഇവ മുട്ടയിടുന്നത്. 65 മുതല്‍ 90 ദിവസംവരെ വേണം വിരിയാന്‍. ഇഗ്വാന കുഞ്ഞുങ്ങള്‍ക്ക് 9000 മുതല്‍ 25,000 രൂപവരെയാണ് വില. മൂന്നടിയുള്ളവയ്ക്ക് 25,000 രൂപമുതല്‍ ഒന്നരലക്ഷം വരെ ലഭിക്കും. വെള്ള, മഞ്ഞ നിറങ്ങളിലുള്ളവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. 15,20 വര്‍ഷമാണ് ഇവയുടെ ആയുസ്. ചെമ്പരത്തിപ്പൂവാണ് സസ്യഭുക്കുകളായ ഇവയുടെ ഇഷ്ടഭക്ഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam