യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.
ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പൊലീസ് വിളിച്ചു വരുത്തി. എന്നാൽ സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പൊലീസോട് പറഞ്ഞു. അതേസമയം പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് പെറ്റി കേസെടുത്തു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ട് രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു.
കഴിഞ്ഞ ദിവസമാണ് രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. മാനവീയം വീഥിയില്‍ തന്നെ പൊലീസ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു പൊലീസുകാരന് പോലും സ്ഥലത്തെത്തിയില്ല. പിന്നീട് നാട്ടുകാര് തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.


