
മലപ്പുറം: തല ഉയര്‍ത്തി സൂര്യനെ നോക്കി നില്‍ക്കുന്ന സൂര്യകാന്തി പൂക്കളെ കാണുന്നതു തന്നെ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത് മലപ്പുറം (Malappuram) വണ്ടൂര്‍ അമ്പലപ്പടിയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളാണ് (Sun flower). അമ്പലപ്പടിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സംസ്ഥാന പാതയോരത്ത് നട്ട സൂര്യകാന്തിച്ചെടികളാണ് പൂത്തത്. 30 സെന്റ് സ്ഥലത്താണ് സൂര്യകാന്തി നട്ടത്.
നേരത്തെ സംസ്ഥാന പാതയില്‍ അപകടം പതിവായപ്പോള്‍ നാട്ടുകാര്‍ നടത്തിയ റോഡ് വികസന പ്രവൃത്തികളുടെ തുടര്‍ച്ചയായാണ് നിരപ്പാക്കിയ സ്ഥലത്ത് ചെടി നട്ടത്. കര്‍ഷകന്‍ മുരിങ്ങത്ത് ഹരിഹരന്റെ നേതൃത്വത്തില്‍ അമ്പലവയലില്‍ നിന്ന് കൊണ്ടുവന്ന വിത്തുകളാണ് പാകിയത്. നാട്ടുകാര്‍ ശ്രമദാനമായി നിലമൊരുക്കി. വളമിട്ടു പരിപാലിച്ചു. എന്റെ സൂര്യകാന്തിക്കരുകില്‍ എന്ന പേരില്‍ സാഹിത്യ, കലാ വിരുന്നും നടത്തുന്നുണ്ട്. ഒട്ടേറെപ്പേരാണ് സൂര്യകാന്തിപ്പൂക്കള്‍ കാണാനും ഫോട്ടോ എടുക്കാനും എത്തുന്നത്.