എൺപതോളം മോഷണക്കേസുകളിലെ പ്രതി, ജയിലിൽ നിന്നിറങ്ങി സൈനികന്‍റെ വീട്ടിൽ കയറി സ്വർണവും പണവും കവർന്നു; പിന്നാലെ പിടിവീണു

Published : Jun 13, 2025, 08:31 PM IST
police arrest

Synopsis

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

ഹരിപ്പാട്: സൈനികന്റെ വീട്ടിൽ നിന്ന് 16 പവന്റെ സ്വർണാഭരണവും രൂപയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് ഷെഫീഖ് മൻസിലിൽ റാഫീഖ് ( സതീഷ് - 45 ) പിടിയിലായത്. ജൂൺ 6 ന് കുമാരപുരം താമല്ലാക്കൽ കാർത്തികയിൽ സൈനികനായ ബിജുവിന്റെ വീട് കുത്തി തുറന്ന് 16 പവനും 2500 രൂപയുമാണ് മോഷ്ടിച്ചത്. ബീമാപ്പള്ളി ഭാഗത്തു നിന്നുമാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

എൺപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മേയ് 26 നാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സൈനികന്റെ വീട്ടിൽ മോഷണം നടത്തുന്നതിന് മുൻപ് പ്രതി കരുവാറ്റ ഭാഗത്തുള്ള ഒരു വീട്ടിൽ കയറി ഷെഡിന്റെ പൂട്ട് പൊളിച്ച് കമ്പിപാര, പിക്കാസ് എന്നിവ മോഷ്ടിച്ചിരുന്നു. ഇവിടെ നിന്നും എടുത്ത തോർത്ത് തലയിൽ കെട്ടിയും തൂവാല മുഖത്ത് കെട്ടിയുമാണ് മോഷണത്തിന് ഇറങ്ങിയത്. ഈ വീടിന്റെ മുൻവശമുള്ള ബേക്കറിയുടെ പൂട്ട് പിക്കാസ് ഉപയോഗിച്ച് കുത്തി തുറന്നു ബേക്കറിയിൽ നിന്നും ബിസ്‌കറ്റും സോഡയും സി സി ടി വിയുടെ ഡി വി ആറും മോഷ്ടിക്കുകയും ചെയ്തു.

അതിന് ശേഷം മറ്റൊരു വീട്ടിൽ നിന്നും കമ്പിപാരയും വെട്ടുകത്തിയും എടുത്ത് പോസ്റ്റിലെ ഫ്യൂസ് ഊരി മാറ്റിയ ശേഷം സൈനികന്റെ വീടിന്റെ മതില് ചാടി കടന്ന് അടുക്കള വശത്തെ വാതിൽ കുത്തി തുറന്ന് അകത്തു കേയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും എടുത്ത ശേഷം കടന്നു കളയുകയായിരുന്നു. ബന്ധു വീട്ടിൽ പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൊലീസ് കേസ് എടുക്കുകയും ആലപ്പുഴ എസ് പി മോഹന ചന്ദ്രന്റെ നിർദേശനുസരണം കായംകുളം ഡി വൈ എസ്‌ പി ബാബുക്കുട്ടൻ, നർകോട്ടിക് ഡി വൈ എസ് പി പങ്കജാക്ഷൻ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഹരിപ്പാട് ഐ എസ് എച്ച് ഒ മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

മോഷണ നടന്ന വീടിന്റെ സമീപത്തുള്ളതും, ദേശീയ പാതയ്ക്ക് സമീപമുള്ളതുമായ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതി കുടുങ്ങിയത്. മുഖം മറച്ചിരുന്നതിനാൽ വസ്ത്രത്തിന്റെ നിറം വെച്ച് നടത്തിയ അന്വേഷണത്തിൽ ബേക്കറിയിലും സൈനികന്റെ വീട്ടിലും മോഷണം നടത്തിയത് ഒരാൾ തന്നെ ആണെന്ന് മനസിലാക്കി. എന്നാൽ ദേശീയപാതയിലെ ദൃശ്യങ്ങളിൽ ഈ വസ്ത്രം ധരിച്ച ആളെ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണത്തിനെ ബാധിച്ചു. തുടർന്ന് മോഷണ സമയത്ത് ധരിച്ചിരുന്ന ബാഗ് വെച്ച് നടത്തിയ അന്വേഷത്തിൽ വസ്ത്രം മാറിയ നിലയിൽ ഈ ബാഗുമായി പോകുന്ന ആളെ കണ്ടെത്തി. നിരവധി മോഷണ കേസിലെ പ്രതിയായ റാഫീഖ് ആണന്നു മനസിലാക്കുകയും പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോട് കൂടി പ്രതിയെ ബീമാപ്പള്ളി ഭാഗത്തു നിന്നും പിടികൂടുകയുമായിരുന്നു.

തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതിൽ ജൂൺ 11 ന് കരുവാറ്റ ഭാഗത്തുള്ള ഗുരുമന്ദിരത്തിന്റെ കണികവഞ്ചി പൊട്ടിച്ചു സ്വർണ്ണതകിടും 9000 രൂപയും മോഷ്ടിച്ചത് ഉള്‍പ്പെടെയുള്ളവ പ്രതി സമ്മതിച്ചു. കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴിച്ച് മറ്റ് എല്ലാ ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായ ശ്രീകുമാർ, ഷൈജ, ആദർശ്, സുജിത്ത്, എ എസ് ഐ സംഗീത, എസ്‌ സി പി ഒ രേഖ, സി പി ഒ മാരായ നിഷാദ്, സജാദ്, ആലപ്പുഴ നർകോട്ടിക്സെല്ലിലെ ഡാൻസാഫ് അംഗങ്ങളായ മണിക്കുട്ടൻ, ഷാജഹാൻ, ഇയാസ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്.

 

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി