
അമ്പലപ്പുഴ: ശക്തമായ കാറ്റിൽ പുളി മരം വീണ് വീട് തകർന്നു. വീട്ടുകാർ രക്ഷപെട്ടത് തല നാരിഴക്ക്. ഒഴിവായത് വൻ ദുരന്തവും. പുറക്കാട് പഞ്ചായത്ത് 12 -ാം വാർഡ് തോട്ടപ്പളളി ഒറ്റപ്പന കുറ്റിക്കാട് വീട്ടിൽ നൂർജഹാന്റെ വീടാണ് തകർന്നത്. അയൽവാസിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പുളിമരമാണ് മതിൽ തകർത്ത് ഇവരുടെ വീടിന് മുകളിൽ പതിച്ചത്.
മരം വീഴുന്നതിന് നിമിഷങ്ങൾക്കു മുൻപ് നൂർജഹാൻ, ഷൈല, മക്കളായ ഫർസാന, സുഹാന എന്നിവർ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഷീറ്റും ഓടും കൊണ്ട് നിർമിച്ച മേൽക്കൂര അപകടത്തിൽ പൂർണമായി തകർന്നു. കൂടാതെ സമീപത്തുണ്ടായിരുന്ന കുളിമുറിയും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ അപകടത്തിലൂടെ ഉണ്ടായത്. വീട് തകർന്നതോടെ സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഇവർ.
അതേസമയം പതങ്കയം വെള്ളച്ചാട്ടത്തിനരികെ ഒഴുക്കിൽ പെട്ട 17 കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും തടസമായി. അതിനാൽ തിരച്ചിൽ താത്കാലികമായി ഇന്ന് നിർത്തിവച്ചു. നാളെ രാവിലെ എട്ടുമണിക്ക് തിരിച്ചിൽ ആരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു. പൊലീസും ഫയർ ആൻറ് റെസ്ക്യു ഫോഴ്സും സന്നദ്ധ പ്രവർത്തകരും തെരച്ചലിൽ പങ്കെടുക്കും. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കാണാതായ ഹുസ്നി മുബാറക്കും സുഹൃത്തായ റംഷീദ് സൽഫീക്കറും കെ എൽ 57 എസ് 6203 നമ്പർ സ്കൂട്ടറിൽ വൈകിട്ട് 5 മണിക്കാണ് പതങ്കയത്ത് എത്തിയത്. പുഴക്കരയിലെ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് റംഷീദും പറഞ്ഞത്.
കലി തുള്ളി കടല്‍; കടലേറ്റം രൂക്ഷം, ഉറക്കം നഷ്ടപ്പെട്ട് തീരദേശവാസികള്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam