
ഹരിപ്പാട്: തിരക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയിൽ. കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂർ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തൻ (36) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 20ന് ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷന് വടക്കുവശം ശബരി കൺവെൻഷൻ സെന്ററിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബാബു എന്നയാളുടെ ബൈക്കിൽ നിന്നും പണം നഷ്ടപ്പെട്ട പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിന്റെ ടാങ്ക് കവർ തുറന്നു. പണം മോഷ്ടിക്കുന്നതും ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങളിലും മോഷ്ടിക്കാൻ ശ്രമം നടത്തുന്നതും വ്യക്തമാണ്.
ചോദ്യം ചെയ്യലിൽ ഓഗസ്റ്റ് മാസം റവന്യൂ ടവറിൽ പാർക്ക് ചെയ്തിരുന്ന ബാബു എന്ന ആളിന്റെ സ്കൂട്ടറിൽ നിന്നും 80,000 രൂപയും ബാങ്ക് രേഖകളും, ചേപ്പാട് ഒരു സ്ത്രീയുടെ സ്കൂട്ടറിൽ നിന്നും 7500 രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസിന് വ്യക്തമായി. സമാന രീതിയിലുള്ള നിരവധി മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്നും, ഇയാൾക്ക് കഞ്ചാവ് ബിസിനസ് ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ 11 വർഷമായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, എസ്ഐ സവ്യ സാചി, എസ് ഐ നിസാമുദ്ദീൻ, എസ് സി പി ഒ സുരേഷ്, സിപിഒ മാരായ അജയൻ, നിഷാദ്, അരുൺകുമാർ, ഇയാസ് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam