വയനാട് മണിമുണ്ട കോളനിവാസികള്‍ക്ക് ചികില്‍സക്കായി കാടിറങ്ങേണ്ട; ടെലി മെഡിസിന്‍ സംവിധാനം വഴി ഡോക്ടറെ കാണാം

Published : Mar 03, 2022, 11:00 PM IST
വയനാട് മണിമുണ്ട കോളനിവാസികള്‍ക്ക് ചികില്‍സക്കായി കാടിറങ്ങേണ്ട; ടെലി മെഡിസിന്‍ സംവിധാനം വഴി ഡോക്ടറെ കാണാം

Synopsis

കുടുംബശ്രീയുടെ സഹകരണത്തോടെ എല്ലാവര്‍ക്കും ടെലി മെഡിസിന്‍ പദ്ധതിയിലൂടെ ഓണ്‍ലൈനായി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാം

കൽപ്പറ്റ: രാത്രികാലങ്ങളില്‍ ആര്‍ക്കെങ്കിലും അസുഖങ്ങളുണ്ടായാല്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാത താണ്ടണമെന്നതായിരുന്നു നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികളുടെ ദുരിതം. വാഹനങ്ങള്‍ക്ക് പൊടുന്നനെയൊന്നും എത്തിച്ചേരാന്‍ കഴിയാത്ത കോളനിയില്‍ നിന്ന് രോഗികളെ വിദഗ്ധ ചികിത്സക്കായി എത്തിക്കണമെങ്കില്‍ കാല്‍നട തന്നെയായിരുന്നു ആശ്രയം. എന്നാല്‍ ഇനി മുതല്‍ മണിമുണ്ട കോളനിക്കാര്‍ക്ക് ആശ്വാസിക്കാം. കാടിറങ്ങാതെ തന്നെ വിദഗ്ധ ചികില്‍സ ലഭ്യമാക്കുകയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അധികൃതരും പഞ്ചായത്തും. 

കുടുംബശ്രീയുടെ സഹകരണത്തോടെ എല്ലാവര്‍ക്കും ടെലി മെഡിസിന്‍ പദ്ധതിയിലൂടെ ഓണ്‍ലൈനായി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാം.  കോളനിയെയും നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തെയും വൈഫൈ വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടെലിമെഡിസിന്‍ സംവിധാനത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം കോളനി വാസികള്‍ക്ക് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. 

ടെലിമെഡിസിനില്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം ഏത് സമയവും ലഭ്യമാകും. വീഡിയോ കോണ്‍ഫറന്‍സ് വഴി രോഗികളുമായി സംസാരിക്കുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയുമാണ് ടെലിമെഡിസിനിലൂടെ ചെയ്യുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കോളനിയില്‍ തന്നെ ലഭ്യമാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാവശ്യമായ സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍  എം.എല്‍.എ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 

ചടങ്ങില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ അനൂപ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.കെ. ജയ, വാര്‍ഡ് അംഗം എ.എന്‍. പുഷ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. നിലവില്‍ ടെലി മെഡിസിന്‍ മാത്രമാണ് നടപ്പിലാക്കുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ കോളനിയിലെ കുട്ടികള്‍ക്ക് വൈഫൈ സംവിധാനത്തോടെയുള്ള പഠന ക്ലാസ് ഒരുക്കുന്നതിനും പദ്ധതിയുണ്ട്. വൈദ്യുതി ദൗര്‍ലഭ്യം പരിഹരിക്കാന്‍ സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കാനും ആലോചിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസിന്റെ വീൽ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നു, വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം, നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു