
കാസർകോട്: ഇന്ന് രാവിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പൂജാരി മരിച്ചു. കാസർകോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം വ്യാഴാഴ്ച പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹരി നാരായണൻ മരണപ്പെട്ടത്. പുതിയകോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം ഇടുക്കി തൊടുപുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ബൈക്ക് യാത്രികന്റെ കഴുത്തിൽ കയർ കുരുങ്ങി പരിക്കേറ്റ സംഭവത്തിൽ പി ഡബ്ല്യു ഡി ഓവർസിയർ അറസ്റ്റിലായി എന്നതാണ്. തൃശ്ശൂർ മുള്ളൂർക്കര സ്വദേശി സുപർണ്ണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങിയത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് കൊണ്ടാണ് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതോടെയാണ് പി ഡബ്ല്യു ഡി ഓവർസിയറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടം നടന്ന കാരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണത്തിലെ മേൽനോട്ട ചുമതല സുപർണ്ണയ്ക്കായിരുന്നു. റോഡ് തടസപ്പെടുത്തുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ഇന്നലെ ചോദ്യം ചെയ്തപ്പോൾ സുപർണക്ക് സാധിച്ചിരുന്നില്ല. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ കടക്കാൻ കാരണമായത്. മുൻകരുതലുകൾ എടുത്തു എന്ന് കരാറുകാരൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് സുപർണയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 336, 337 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. നേരത്തെ കരാറുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായിട്ടുണ്ട്.
ബൈക്ക് യാത്രക്കാരന്‍റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; പിഡബ്ല്യുഡി ഓവർസിയർ അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam