
കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ മത്സ്യമാര്‍ക്കറ്റില്‍ ക്വട്ടേഷന്‍ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. രണ്ട് പേരെ പോലീസ് പിടികൂടി. വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രതികള്‍ പോലീസിനോട് തട്ടിക്കയറി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലമുടമ മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തടയാന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ് തമ്മില്‍ തല്ലിയത്. രാത്രി വൈകി മാർക്കറ്റിന്റെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
ചുങ്കത്തെ സ്വകാര്യ മത്സ്യ മാര്‍ക്കറ്റ് നടത്തിപ്പുകാരനും സ്ഥലമുടമയും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ മാർക്കറ്റിൻ്റെ പ്രവര്‍ത്തനം തടയാന്‍ ഉടമ ക്വട്ടേഷന്‍ നല്‍കി. രാവിലെ സ്ഥലത്ത് തമ്പടിച്ച ക്വട്ടേഷന്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലേക്കുള്ള വഴി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ചാലു കീറി ഗതാഗതം തടസ്സപ്പെടുത്തി. രാത്രിയായപ്പോഴാണ് ക്വട്ടേഷന്‍ സംഘം പരസ്പരം ഏറ്റു മുട്ടിയത്.
നാട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസ് മൈക്കാവ് സ്വദേശി ആല്‍ബി ബേബി, കണ്ണൂർ സ്വദേശി ദിജില്‍ ഡേവിഡ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ വൈദ്യ പരിശോധനക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പൊലീസിനോടായി പരാക്രമം. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ചും ഇവര്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് ഇരുവരേയും പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെ രാത്രി വൈകിയാണ് വീണ്ടും സ്ഥലത്ത് സംഘർഷമുണ്ടായത്. മത്സ്യമാർക്കറ്റിലെ ഓഫീസും വാഹനവും അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് കാരണം സ്ഥലമുടമയും മാർക്കറ്റ് ഉടമയും തമ്മിലുള്ള സാമ്പത്തിക പ്രശ്നമെന്നാണ് സംശയം.