20 വർഷമായുള്ള തടസം നീങ്ങി, ഇനി കേരളത്തിന്‍റെ സ്വപ്ന റോഡ് നിർമാണത്തിന് വേഗം കൂടും, 32.26 കോടി രൂപ അനുവദിച്ചു

Published : May 16, 2025, 03:44 PM IST
20 വർഷമായുള്ള തടസം നീങ്ങി, ഇനി കേരളത്തിന്‍റെ സ്വപ്ന റോഡ് നിർമാണത്തിന് വേഗം കൂടും, 32.26 കോടി രൂപ അനുവദിച്ചു

Synopsis

സീപോർട്ട് - എയർപോർട്ട് റോഡിന്‍റെ വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 

കൊച്ചി: സീപോർട്ട് - എയർപോർട്ട് റോഡിന്‍റെ വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയുൾപ്പെടെ 32.26 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി പി രാജീവ്. സ്ഥലത്തിന്‍റെ വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപക്ക് പുറമേ എൻഎഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനാവശ്യമായ 8.16 കോടി രൂപയും ഒപ്പം ചുറ്റുമതിൽ നിർമ്മാണത്തിന് 99.43 ലക്ഷം രൂപയും അനുവദിച്ചു നൽകിയിട്ടുണ്ട്. 

റോഡ് നിർമ്മാണത്തിന് ഭൂമി വിട്ടുനൽകുന്ന ധാരണാപത്രം ജനുവരിയിൽ ഒപ്പുവച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് തുക അനുവദിച്ചത്. സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് തുക കൈമാറും. കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻഎഡി ഭൂമിപ്രശ്നം. ഭൂമി വില കൈമാറിയ ഉടനെ ടെണ്ടർ നടപടികളിലേക്ക് കടക്കും. 

എച്ച്എംടിയുടെ ഭൂമി വില ബാങ്കിൽ കെട്ടിവെക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ഭൂമി അനുവദിക്കപ്പെട്ടത്.  ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻഎഡിയുമായുള്ള ധാരണപ്രകാരം എച്ച്എംടി - എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. തുടർ നടപടികൾ വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. 

എച്ച്എംടി - എൻഎഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ടെലഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയിന്‍റുകളും വരും.
എറണാകുളം ജില്ലയിലെ പ്രധാന ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കി സീ പോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണം പൂർത്തികരിക്കാനാണ് ശ്രമിക്കുന്നതെന്നും പി രാജീവ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് നൂതന നിലവാരത്തിൽ നവീകരിച്ച അറുപതിലധികം  റോഡുകൾ കൂടി ഒരുമിച്ച് നാടിന് സമർപ്പിക്കുകയാണ്. 14 ജില്ലകളിലുമായി പൊതുമരാമത്ത് വകുപ്പിന്‍റെ 50 ഓളം റോഡുകളും തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട് റോഡുകളുമാണ് ഇവ. തിരുവനന്തപുരം ജില്ലയിൽ നാല്, കൊല്ലത്തും പത്തനംതിട്ടയിലും രണ്ട് വീതം, ആലപ്പുഴയിൽ നാല്, കോട്ടയത്തും ഇടുക്കിയിലും അഞ്ച് വീതം, എറണാകുളത്ത് എട്ട്, തൃശൂരിൽ ആറ് , പാലക്കാട്ട് മൂന്ന്, മലപ്പുറത്ത് നാല്, കോഴിക്കോട്ടും വയനാടും ഒന്നു വീതം, കണ്ണൂരും കാസർകോടും രണ്ട് വീതം റോഡുകളാണ് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്.

തലസ്ഥാന നഗരത്തിലെ 12 സ്മാർട്ട് റോഡുകളിൽ വഴി വിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാതകൾ, പുതിയ ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം മാനവീയം വീഥിയിൽ മെയ് 16 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കും.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ