
തിരുവനന്തപുരം: വിളപ്പിൽശാല കാക്കുളം ക്ഷേത്രത്തിന് മുമ്പിൽ വച്ച് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് കാലടിച്ചൊടിച്ച കേസിലെ പ്രതികളെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം സ്വദേശി കൈലാസം വീട്ടിൽ സുനി എന്ന സുനിൽകുമാർ (36), തിട്ടമംഗലം സ്വദേശി മാറത്തല വീട്ടിൽ കിച്ചു എന്ന കിരൺ വിജയ് (26), കൊടുങ്ങാനൂർ സ്വദേശി മരുവർത്തല വീട്ടിൽ സത്യൻ എന്ന ശ്രീജിത്ത് കുമാർ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24-ാം തീയതി രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേയാട് ചെറുപാറ സ്വദേശി അഖിൽ ഭവനിൽ ജിത്തു എന്ന അരുൺ (39) നെയാണ് സംഘം അക്രമിച്ചത്. ഇരുമ്പ് കമ്പി കൊണ്ടും, സ്റ്റബ് കൊണ്ടും അക്രമിച്ച് അരുണിന്റെ കാലടിച്ചൊടിക്കുകയായിരുന്നു. അരുൺ നിരവധി ക്രിമിനൽ, മയക്കു മരുന്നു കേസുകളിലെ പ്രതിയും വിളപ്പിൽശാല സ്റ്റേഷനിലെ ഗണ്ടാ പട്ടികയിൽ ഉൾപ്പെട്ട ആളുമാണ്.
അരുൺ മുൻപ് ഈ കേസിലെ പ്രതിയായ ശ്രീജിത്തിൻ്റെ വീട്ടിൽ കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിലുള്ള വിരോധമാണ് പ്രതികളെ അക്രമത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ പ്രതികളെല്ലാവരും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഭവത്തിൽ കേസെടുത്ത വിളപ്പിൽശാല പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. വിളപ്പിൽശാല പൊലീസ് ഇൻസ്പക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽഎസ് ഐ ആശിഷ് . സി പി ഒ മാരായ അജിൽ അജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam