ഓസ്കര്‍ അഭിമാനം കീരവാണി, സ്വവര്‍ഗ വിവാഹം: ഭരണഘടനാ ബെഞ്ചിൽ, പുകഞ്ഞു തീരാതെ ബ്രഹ്മപുരം വിവാദം

1- 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു -ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി 

ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കാലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.

2- സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി: അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും

സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും. ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും.

3- മാളിൽ സിനിമകണ്ട് അത്താഴം കഴിച്ച് മടങ്ങി, പിന്നാലെ അര്‍ച്ചനയുടെ മരണം, തള്ളിയിട്ടതെന്ന് അമ്മയുടെ പരാതി, അന്വേഷണം

ബെം​ഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെതിരെ ആരോപണവുമായി അമ്മ. 28 കാരിയായ അർച്ചനാ ധിമാനെയെയാണ് നേരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. എന്നാൽ മകളെ സുഹൃത്ത് ആദേശ് തള്ളിയിട്ടതാണെന്ന് കാണിച്ചാണ് അമ്മ പരാതി നൽകിയിരിക്കുന്നത്

4- 'സംഘടനാ സംവിധാനം കുത്തഴിഞ്ഞു': കെ സുധാകരനെതിരെ ഏഴ് എംപിമാർ; കെസി വേണുഗോപാലിനെ കണ്ടു

സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ. ഏഴ് എംപിമാരുൾപ്പെട്ട സംഘം ദില്ലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ട് എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിലാണ് പരാതി.

5- കുട്ടിക്കളിയല്ല, എറണാകുളം കളക്ടറോട് ഹൈക്കോടതി; ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോള്‍ നേരിട്ട് എത്താത്തതിന് വിമർശനം

ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം. ഓൺലൈനിലാണ് കളക്ടർ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു.

6- രാഹുലിന്റെ വിമര്‍ശനങ്ങളില്‍ പാർലമെന്റ് പ്രക്ഷുബ്ധം; മാപ്പ് പറയണമെന്ന് ഭരണപക്ഷം, തിരിച്ചടിച്ച് കോൺഗ്രസ്

പ്രധാനമന്ത്രിക്കും, കേന്ദ്രസര്‍ക്കാരിനുമെതിരെ വിദേശ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രക്ഷുബ്ധമായി ലോക്സഭയും രാജ്യസഭയും. രാഹുല്‍ രാജ്യത്തോടും, പാര്‍ലമെന്‍റിനോടും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

7- 'ബ്രഹ്മപുരം' തൊടാതെ മുഖ്യമന്ത്രി; സഭയിലും മൗനം

ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൌനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്.

8-പിണറായി വേസ്റ്റായി, വിദേശയാത്രയും വേസ്റ്റ്; ബ്രഹ്മപുരത്ത് അട്ടിമറിയെന്നും സുധാകരൻ, സത്യഗ്രഹവും പ്രഖ്യാപിച്ചു

ബ്രഹ്മപുരം തീപ്പിടിത്ത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. ബ്രഹ്മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അതിന്‍റെ ഭവിഷ്യത്താണ് തീപിടുത്തമെന്നും അദ്ദേഹം പറഞ്ഞു.

9- കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം; മേയറെ തടയാൻ ശ്രമം, സംഘർഷം

ബ്രഹ്മപുരം വിഷയത്തിൽ യുദ്ധക്കളമായി കൊച്ചി കോർപ്പറേഷൻ. കൗൺസിൽ യോഗത്തിനെത്തിയ മേയറെ തടയനുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു.

10- കള്ളനോട്ട് കേസ്: നാല് പ്രതികൾ കൂടി പിടിയിൽ, മുഖ്യപ്രതിയും കസ്റ്റഡിയിലെന്ന് സൂചന

വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട് വാളയാറില് ‍മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലായിരുന്നു പിടിച്ചത്.