ഖാദി ​ഗ്രാമ വ്യവസായ ബോ‍ഡിന്റെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾ കയ്യേറി, വിഴിഞ്ഞത്ത് പ്രതിഷേധവുമായി കോൺ​ഗ്രസ്

By Web TeamFirst Published Sep 20, 2021, 9:00 AM IST
Highlights

സംഭവം വിവാദമായതോടെ ഖാദി ബോർഡ് അധികൃതർ എത്തിസ്ഥല പരിശോധന നടത്തി. തുടർന്ന്  കൈയ്യേറ്റം സംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതിയും നൽകി

തിരുവനന്തപുരം: വിഴിഞ്ഞം തെന്നൂർക്കോണത്ത് ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കെട്ടിടങ്ങളും സ്ഥലവും സ്വകാര്യ വ്യക്തികൾ കയ്യേറി. കയ്യേറിയ കെട്ടിടങ്ങളിൽ ഒന്നിൽ നിന്ന് വർഷങ്ങളായി മാസവാടകയും പിരിച്ചു. കൈയ്യേറ്റക്കാർക്കിടയിലുണ്ടായ ഭിന്നതയാണ് സംഭവം പുറത്തറിയാൻ കാരണമായതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞ് എം.വിൻസെന്റ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായെത്തി. 

സംഭവം വിവാദമായതോടെ ഖാദി ബോർഡ് അധികൃതർ എത്തിസ്ഥല പരിശോധന നടത്തി. തുടർന്ന്  കൈയ്യേറ്റം സംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതിയും നൽകി. തെന്നൂർക്കോണം മുക്കോല റോഡിന് സമീപം1983 വരെ ബോർഡിന്റെ കീഴിൽപ്രവർത്തിച്ചിരുന്ന നെയ്ത്തു കേന്ദ്രവും 13 സെന്റ് സ്ഥലവും, തൊട്ടടുത്ത മുക്കുവൻകുഴി എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തിച്ചിരുന്ന 15 സെന്റ് സ്ഥലം എന്നിവയാണ് സ്വകാര്യ വ്യക്തികളും ചില സംഘടനകളും കയ്യേറിയതായി പരാതി ഉയർന്നത്.

മന്ദിരങ്ങളിൽ ഒന്നിൽ സ്വകാര്യ ഫർണിച്ചർ നിർമാണ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. മുക്കുവൻകുഴി ഭാഗത്തെ മന്ദിരകയ്യേറ്റം നടത്തിയ സംഘടനാ ഭാരവാഹികൾ സ്ഥലം ഒഴിയാൻ സന്നദ്ധത അറിയിച്ചതായി ബോർഡ് അധികൃതർ പറഞ്ഞു. ഇതോടൊപ്പം ഭൂമിയുടെ റീസർവെക്കും അധികൃതർ അപേക്ഷ നൽകും. ബോർഡിനു കീഴിലെ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്ന നേരത്തെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. 

പരിശീലനമടക്കമുള്ള പ്രവർത്തനങ്ങൾ നിലയ്ക്കുകയും വർഷങ്ങളായി ബോർഡ് അധികൃതർ തിരിഞ്ഞ് നോക്കാതാവുകയും ചെയ്തതതോടെയാണ്  കൈയ്യേറ്റം നടന്നത്. എന്നാൾ കെട്ടിടങ്ങളുടെയും സ്ഥലത്തിൻ്റെയും ഉടമസ്ഥാവകാശം ബോർഡിനാണെന്നും ഒഴിപ്പിക്കുന്ന കെട്ടിടങ്ങളിൽ വൈകാതെ നിർമാണ പരിശീലന യൂണിറ്റുകൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഖാദി ബോർഡിന്റെ വസ്തുവും കെട്ടിടങ്ങളും ഉടൻ തിരിച്ച് പിടിക്കണമെന്ന് സ്ഥലം സന്ദർശിച്ച് എം.വിൻസന്റ് എംഎൽഎയും ആവശ്യപ്പെട്ടു. 

click me!