
കോഴിക്കോട്: സ്കൂട്ടർ യാത്രക്കാരനായ കത്തോലിക കോൺഗ്രസ് നേതാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. മുക്കം മണാശ്ശേരി സ്കൂളിനു സമീപം ഒന്നാം തീയതി പുലർച്ചെ ഒരു മണിയോടെ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയ കാറാണ് മുക്കം പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. അപകടത്തിൽ പൊതുപ്രവർത്തകൻ കാത്തോലിക് കോൺഗ്രസ് നേതാവ് ബേബി പെരുമാലിൽ മരണപ്പെട്ടിരുന്നു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പൊലീസ് കണ്ടെത്തിയത്.
വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് മണാശ്ശേരിക്കടുത്ത് ഒരു വീട്ടിൽ നിന്ന് കാർ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡോ. മുഹമ്മദ് ബിലാലാണ് (27) കാറോടിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മനുഷ്യജീവൻ നിലനിർത്താൻ പരിശ്രമിക്കേണ്ടുന്ന ഡോക്ടറിൽ നിന്നും മനുഷ്യപ്പറ്റില്ലാത്ത പ്രവൃത്തി ഉണ്ടായതിലെ ഞെട്ടലിലും അമർഷത്തിലുമാണ് പ്രദേശവാസികൾ.
കത്തോലിക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും താമരശ്ശേരി രൂപതാ മുൻ പ്രസിഡന്റുമായ തിരുവമ്പാടി സ്വദേശി ബേബി പെരുമാലിൽ (ജോസഫ്) ആണ് കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ദീപിക ദിനപത്രം തിരുവമ്പാടി ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബേബിയെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. രാത്രി വൈകി കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരാണ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ബേബിയെ ആശുപത്രിയിലെത്തിച്ചത്.
Read More : അപകടാവസ്ഥയിൽ സ്കൂൾ;മേപ്പറമ്പ് സർക്കാർ യുപി സ്കൂൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം,സമരവുമായി നാട്ടുകാർ
അതേസമയം, അപകട സമയത്ത് കാര്യക്ഷമമായി ഇടപെടാതെ, മനുഷ്യത്വമില്ലാതെ പെരുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെയുള്ള പ്രതിഷേധം നവ മാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നയാള്‍ ഡ്രൈവർ ഡോക്ടറാണെന്ന വിവരം പുറത്തുതു വരുന്നത്. അപകടം പറ്റി ഏറെ നേരം റോഡിൽ രക്തം വാർന്ന് കിടക്കേണ്ടി വന്നതാണ് ബേബിയുടെ മരണത്തിന് കാരണം.