
ഇടുക്കി: കർഷകരിൽ നിന്ന് വിലക്കെടുത്ത പച്ചക്കറിക്ക് വില നൽകാത്തതിനെ തുടർന്ന് മൂന്നാർ ഹോട്ടിക്കോർപ്പിന് മുന്നിൽ സമരം ആരംഭിച്ച് കർഷകനും കുടുംബവും. കുണ്ടള പുതുക്കിടി ഡിവിഷനിൽ ഗുണശേഖരനും കുടുംബവുമാണ് സമരം നടത്തുന്നത്. തോട്ടംതൊഴിലാളിയായ ഭാര്യ ധനലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഗുണശേഖരൻ മുട്ടക്കോസ് കൃഷി നടത്തുന്നത്. കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം 5040 കിലോഗ്രാം പച്ചക്കറി കഴിഞ്ഞ മാർച്ചിലാണ് ഹോട്ടിക്കോർപ്പിന് നൽകിയത്.
ടൗണിൽ നിന്ന് വിത്തിനങ്ങൾ കടംവാങ്ങിയാണ് കൃഷിയിറക്കിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും എടുത്ത പച്ചക്കറിക്ക് പണം നൽകാൻ അധികൃതർ തയ്യറായിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്ത് മറുപടി നൽകാനും കൂട്ടാക്കിയില്ല108000 രൂപയാണ് കർഷകന് ലഭിക്കാനുള്ളത്. പണം ലഭിക്കാതെ വന്നതോടെയാണ് ഗുണശേഖരൻ ഭാര്യ ധനലക്ഷ്മി, മക്കളായ അർജുൻ, അരവിന്ദ് എന്നിവർ രാവിലെയോടെ ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. മകൻ്റ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയും പണം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ടർക്കി കോഴി വിൽപന വ്യാപകമാക്കാൻ സർക്കാർ ഒരുങ്ങുന്നു
കൊല്ലം: ടർക്കിക്കോഴികളുടെ വിൽപ്പന വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇറച്ചി വിൽപ്പന വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ ഫാമുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. കൊല്ലം കുരീപ്പുഴയിലുള്ള ടർക്കി ഫാം വികസിപ്പിച്ച് ടർക്കിക്കോഴികളുടെ വിൽപ്പന കൂട്ടാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടർക്കി ഫാമാണ് കുരീപ്പുഴയിലേതെങ്കിലും കൊല്ലം ജില്ലയിലുള്ളവർക്ക് പോലും ഇറച്ചിയെത്തിക്കാനുള്ള ശേഷി ഈ ഫാമിനില്ല. കൊളസ്ട്രോൾ കുറവായതിനാൽ ടർക്കി ഇറച്ചി വാങ്ങാൻ ആളുകൾ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കൗണ്ടറിലും കൃഷി വകുപ്പിന്റെ സ്റ്റാൾ വഴിയും ഇറച്ചി വിൽക്കുകയാണ് ലക്ഷ്യം. നിലവിൽ 300 മുതൽ നാനൂറ് രൂപ വരയാണ് കിലോ വില. വളർത്താനായി ടർക്കി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനും ആളുകളേറെയെത്തുന്നു. കുരീപ്പുഴയിലെ ഫാമിന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് കൊല്ലം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള കർഷകരെ കൂടി ഉൾപ്പെടുത്തി ഉപഗ്രഹ ഫാമുകൾ തുടങ്ങി പദ്ധതി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.