
ഇടുക്കി. പ്രളയത്തിൽ ഒലിച്ചു പോയത് പതിറ്റാണ്ടുകൾ പഴക്കമുള്ള ചില ഓർമ്മകൾ കൂടിയാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് മൂന്നാറിൽ ആട്ടുപാലം നിർമ്മിച്ചത്. എന്നാൽ കനത്ത പ്രളയത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ആട്ടുപാലങ്ങൾ ഒലിച്ചുപോയി. പഴയ മൂന്നാർ, ഹൈറേഞ്ച് ക്ലബ്ബ്, സെവൻമല എന്നിവിടങ്ങളിലെ ആട്ടുപാലങ്ങളാണ് ഒരാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നത്. മൂന്നാറിലെ തേയില തോട്ട വ്യവസായത്തിനെത്തിയ ബ്രിട്ടീഷുകാരാണ് മൂന്നാറിൽ ആട്ടുപാലങ്ങൾ നിർമ്മിച്ചത്.
1890 കളിൽ നിർമ്മിച്ച പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബിലേക്കുള്ള ആട്ടു പാലം 1984 നവംബർ 7 ന് തകർന്ന് 14 സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. ഹെലികോപ്റ്റർ കാണുന്നതിനായി പഴയ മൂന്നാർ ഗവ.ഹൈസ്കൂളിലെ 200 ലധികം കുട്ടികൾ ഒരുമിച്ച് പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണം. ഇതിന് ശേഷം മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ ആട്ടു പാലം പുനർനിർമ്മിച്ചു.
പഴയ മൂന്നാർ, വട്ടക്കാട്, ചൊക്കനാട് പ്രദേശവാസികളുടെ ആശ്രയമായിരുന്ന പാലമാണ് കഴിഞ്ഞ14 ന് വെളുപ്പിന് 3.20 ന് തകർന്നത്. 1933 ലാണ് പഴയ മൂന്നാർ വർക്സ് ഷോപ്പ് ക്ലബ്ബിന് സമീപത്തെ ആട്ടു പാലം നിർമ്മിച്ചത്. കണ്ണൻദേവൻ കമ്പനി പഴയ മൂന്നാർ വർക്സ് ഷോപ്പ്, പഴയ മൂന്നാർ ഡിവിഷൻ എന്നിവടങ്ങളിലെ ജീവനക്കാർക്ക് പ്രധാന റോഡിലേക്ക് എത്തുന്നതിനുള്ള ഏക മാർഗ്ഗമായിരുന്നു ഈ ആട്ടു പാലം.
ഉരുക്കു വടങ്ങൾ കൊണ്ട് ഇരുകരകളിലെയും കോൺക്രീറ്റ് തൂണുകളിൽ ഉറപ്പിച്ചിരുന്ന പാലമാണ് 13 ന് രാത്രിയിലെ വെള്ളപ്പൊക്കത്തിൽ തകർന്നത്. മുതിരപ്പുഴയിലൂടെ ഒഴുകിയെത്തിയ വൻമരം ഇടിച്ചതാണ് ഈ പാലം തകരാൻ കാരണം. ബ്രിട്ടീഷുകാരുടെ അവശേഷിപ്പുകളായിരുന്ന ആട്ടു പാലങ്ങൾ മൂന്നാറിൽ എത്തുന്ന സന്ദർശകർക്ക് എന്നും കൗതുകമായിരുന്നു. ഇത്തരം പാലങ്ങൾ പുനർനിർമ്മിക്കാന്‍ കഴിയില്ലെന്ന് ബന്ധ അധികാരികള്‍ തന്നെ പറയുന്നു. കാരണം പാലം നിർമ്മിക്കാൻ കഴിയുന്ന പരിജയ സമ്പന്നവർ നിലവിലില്ലെന്നും ചെലവ് കൂടുതലുമാണെന്നാണ് ഇവർ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam