'ഒരുത്തി'യിലെ യഥാര്‍ഥ നായിക വയനാട്ടിലുണ്ട്; സിനിമയായത് സൗമ്യയുടെ ജീവിതാനുഭവം

Published : Mar 25, 2022, 08:40 AM ISTUpdated : Mar 26, 2022, 09:07 PM IST
'ഒരുത്തി'യിലെ യഥാര്‍ഥ നായിക വയനാട്ടിലുണ്ട്; സിനിമയായത് സൗമ്യയുടെ ജീവിതാനുഭവം

Synopsis

നിലവില്‍ എ.ഐ.വൈ.എഫിന്റെ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സൗമ്യക്ക് താരപരിവേഷം വരുന്നത് 2018-ലാണ്. ജോലി ചെയ്യുന്ന കടയില്‍ നിന്ന് രാത്രി ഏഴു മണിക്ക് തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു ഇവര്‍. 

കല്‍പ്പറ്റ: നവ്യനായരുടെ രണ്ടാംവരവ് ആരാധകര്‍ ആഘോഷമാക്കുമ്പോള്‍ 'ഒരുത്തീ'യിലെ 'യഥാര്‍ഥ നായിക' ഇങ്ങ് വയനാട്ടില്‍ സന്തോഷത്തിലാണ്. സിനിമയില്‍ നവ്യനായര്‍ അവതരിപ്പിച്ച രാധാമണിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ തന്റെ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ടതായിരുന്നു. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കരുനാഗപ്പള്ളി സ്വദേശി ഷൈജുവിന് കല്‍പ്പറ്റ നഗരസഭയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെയാണ് സൗമ്യ വയനാട്ടിലെത്തുന്നത്. ഇരുവരും കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ബത്തേരിയിലെത്തി സിനിമ കണ്ടത്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവം അഭ്രപാളികളിലെത്തിയതിന്റെ സന്തോഷത്തിലാണ് ഈ യുവതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ മാല രണ്ട് പേര്‍ ബൈക്കിലെത്തി പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതും സ്വന്തം സ്‌കൂട്ടറില്‍ കള്ളന്മാരെ പിന്തുടര്‍ന്ന് പിടികൂടുന്നതും അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇത് കണ്ടാണ് തിരാക്കഥാകൃത്ത് എസ്. സുരേഷ്ബാബു സൗമ്യയെ വിളിക്കുന്നത്. സ്വന്തം കഥയുമായി എത്തിയ സിനിമയെ കുറിച്ചും അതിന് കാരണമായ സംഭവത്തെ കുറിച്ചും കല്‍പ്പറ്റ എമിലിയിലെ വീട്ടിലിരുന്ന് സൗമ്യ പങ്കുവെച്ചു.

നിലവില്‍ എ.ഐ.വൈ.എഫിന്റെ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സൗമ്യക്ക് താരപരിവേഷം വരുന്നത് 2018-ലാണ്. ജോലി ചെയ്യുന്ന കടയില്‍ നിന്ന് രാത്രി ഏഴു മണിക്ക് തേവലക്കര കിഴക്കേക്കരയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു ഇവര്‍. സാധാരണ ആഭരണങ്ങളൊന്നും ധരിക്കാതെയാണ് ജോലിക്ക് പോകാറുള്ളതെങ്കിലും അന്ന് ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാനുള്ളതിനാല്‍ അമ്മയുടെ മാല വാങ്ങി ധരിച്ചിരുന്നു. പണയം വച്ചിരുന്ന മാല കുറച്ചു ദിവസം മുമ്പായിരുന്നു മടക്കിയെടുത്തത്. സാധാരണ പോകാറുള്ള വേഗത്തില്‍ സഞ്ചരിക്കവെ ബൈക്കില്‍ പിന്നാലെയെത്തിയ രണ്ടുപേര്‍ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഒരു നിമിഷം പതറിപ്പോയ സൗമ്യ മറ്റൊന്നും ആലോചിക്കാതെ സ്‌കൂട്ടറില്‍ ബൈക്കിനെ പിന്തുടര്‍ന്നു. പിന്നീട് സംഭവിച്ചത് സൗമ്യ തന്നെ പറയും.

സൗമ്യയുടെ അമ്മ സലോമിക്ക് ആകെയുള്ള സമ്പാദ്യമായ മാലയായിരുന്നുവത്. അത് നഷ്ടപ്പെട്ടപ്പോഴുണ്ടായ മാനസിക അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. കഴിയാവുന്ന വേഗത്തില്‍ കള്ളന്മാരെ പിന്തുടരവെ എതിരെ ഒരു കാര്‍ വന്നതാണ് ആശ്വാസമായത്. കള്ളന്മാര്‍ വേഗത കുറച്ച ഈ സമയം ബൈക്കിനെ മറികടക്കാന്‍ സൗമ്യക്ക് കഴിഞ്ഞു. ബൈക്കിന്റെ മുന്‍ചക്രത്തില്‍ സ്‌കൂട്ടര്‍ ഇടിപ്പിച്ചതോടെ മോഷ്ടാക്കള്‍ രണ്ടുപേരും താഴെ വീണു. പ്രതികളില്‍ ഒരാളെ സൗമ്യ പിടികൂടിയെങ്കിലും മറ്റേയാള്‍ മാലയുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത ശാസ്താംകോട്ട പൊലീസിന്റെ ഇടപെടല്‍ നല്ല രീതിയിലായിരുന്നുവെന്ന് സൗമ്യ പറയുന്നു. തന്നോട് ഏറെ സഹാനുഭൂതിയോടെ പെരുമാറിയ പോലീസിന്റെ പ്രതിരൂപം തന്നെയാണ് വിനായകന്‍ അവതരിപ്പിച്ച എസ്ഐ ആന്റണിയെന്നും സൗമ്യ പറയുന്നു.

പിറ്റേദിവസം തന്നെ പൊലീസ് രണ്ടാമത്തെ പ്രതിയെയും പിടികൂടി. തിരിച്ചുകിട്ടിയ മാല മുറിഞ്ഞുപോയിരുന്നെങ്കിലും അമ്മയുടെ ഏക സമ്പാദ്യമായ മാലയ്ക്ക് വേണ്ടി നടത്തിയ പോരാട്ടം വിജയം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു സൗമ്യ. അന്നത്തെ ധൈര്യം എങ്ങനെ വന്നുവെന്ന് തനിക്ക് ഇപ്പോള്‍ വിവരിക്കാന്‍ കഴിയുന്നില്ലെന്നാണ് സൗമ്യ പറയുന്നത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഭര്‍ത്താവ് ഷൈജുവിന് വയനാട്ടിലേക്ക് സ്ഥലമാറ്റം ലഭിക്കുന്നത്. വയനാട്ടിലെത്തിയതിന് ശേഷമാണ് സി.പി.ഐയുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫില്‍ സജീവമാകുന്നത്. ഏതായാലും തന്റെ ജീവിതത്തിലുണ്ടായ സംഭവം പശ്ചാത്തലമാക്കി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ കരുത്തും തുറന്നു കാണിക്കുന്ന തരത്തിലേക്ക് സിനിമ വളര്‍ന്നതില്‍ സൗമ്യ സന്തോഷവതിയാണ്. കല്‍പ്പറ്റ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസിലും സൗമ്യ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്