
ഇടുക്കി: അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ വേഗത കുറഞ്ഞെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്. നിലവിലെ സ്ഥിതി തുടർന്നാൽ ഡാം തുറക്കേണ്ടതില്ലെന്നും ട്രയൽ റൺ ഒഴിവാക്കാമെന്നും മാത്യു ടി തോമസ് പറഞ്ഞു. 2,395.5 അടിയാണ്
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.
മണിക്കൂറിൽ ശരാശരി 0.02 അടി വീതമാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്. അതായത് പ്രതിദിനം ജലനിരപ്പിലെ വർദ്ധന അരയടി. ഈ സാഹചര്യത്തിലാണ് മഴ കുറഞ്ഞാൽ ഡാം തുറക്കുന്നത് ഒഴിവാക്കാമെന്ന നിഗമനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്. ജലനിരപ്പ് കുറയ്ക്കാൻ മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉത്പാദാനവും നടക്കുന്നുണ്ട്. ഇന്നലെ 15.86 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
അതേസമയം ട്രയൽ റൺ ഉടൻ നടത്തണമെന്ന് ചെറുതോണിയിലെ വ്യാപാരികൾ ആവശ്യപ്പെട്ടു. ട്രയൽ റൺ നടത്തിയാലെ പെരിയാറിലൂടെ വെള്ളമെത്തുന്നത് തീരത്തുള്ളവരെ എത്രകണ്ട് ബാധിക്കുമെന്നത് അറിയനാകൂവെന്ന് വ്യാപാരികൾ പറഞ്ഞു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കൺട്രോൾ റൂം തുറന്ന് ജില്ല ഭരണകൂടം ജാഗ്രത കർശനമാക്കി. അടിയന്തര സാഹചര്യം നേരിടാൻ നാവികസേന, ദുരന്ത നിവാരണസേന തുടങ്ങിയവരുടെ സഹായം തേടിയിടുണ്ട്. ഡാം തുറക്കുന്നത്
സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam