
തൃശൂർ: കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കുളത്തിൽ ഫയർഫോഴ്സും അഴീക്കോട് കടലോര ജാഗ്രത സമിതിയിലെ നാല് അംഗങ്ങളും തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ആലപ്പുഴ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐആർഇയുടെ എസ്‌കവേറ്റർ ജീവനക്കാരനായ രാജ്‌കുമാറാണ് മരിച്ചത്. ഇയാൾ ബീഹാർ സ്വദേശിയായിരുന്നു. ഇന്ന് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്താണ് രാജ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്നലെ കാണാതായ രാജ് കുമാറിന് വേണ്ടി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തെരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അതിനിടെ മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിയിടാൻ എത്തിയ കുടുംബമാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർ പുലർച്ചെ മൂന്ന് മണിക്ക് ഒഴുക്കിൽപെട്ടു. രണ്ട് കുട്ടികൾ ആദ്യം തന്നെ രക്ഷപ്പെട്ടു. മറ്റൊരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ വള്ളിയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. രണ്ട് പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam