
മാവേലിക്കര: വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികൾ പിടിയിൽ. കുറത്തികാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായിരുന്ന കറ്റാനം വലിയ കുന്നേൽ പുത്തൻവീട്ടിൽ അനീഷ്, തെക്കേക്കര ലക്ഷ്മി വിഹാറിൽ മനോഹരൻ എന്നിവരെയാണ് കുറത്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2007ൽ കറ്റാനം പോപെ സ്കൂളിന്റെ ഹോസ്റ്റലിൽ കയറി ആക്രമിച്ചതിനാണ് അനീഷിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ പ്രതിയായതിനു ശേഷം ഒളിവിൽ പോയിരുന്ന അനീഷ് വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു.
മറ്റ് പല സ്റ്റേഷനിലും അനീഷിനെതിരെ പല കേസുകളും നിലവിലുണ്ട്. 2011ൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ആക്രമണം നടത്തിയതിനാണ് മനോഹരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മനോഹരനും വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു. കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ മോഹിത് പി കെയുടെ നേതൃത്വത്തിൽ എഎസ്ഐ മാരായ ഹാരിസ്, രജീന്ദ്രദാസ്, രാജേഷ് ആർ നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.