
ഇടുക്കി: 'വര്‍ഗ്ഗീയത തുലയട്ടെ' -യെന്ന് ചുമരെഴുതിയതിന് മഹാരാജാസ് കോളേജില്‍ വച്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യുവിന്‍റെ അനുജത്തി കൗസല്യയുടെ വിവാഹത്തിന് ഒരു ഗ്രാമം മുഴുവനുമൊത്തുകൂടി. നാടും നാട്ടുകാരെയും സാക്ഷിയാക്കി കൗസല്യ കഴുത്തിൽ മധുസൂതൻ മിന്ന് കെട്ടി. വിവാഹ ചടങ്ങുകൾക്ക് വൈദ്യുതി മന്ത്രി എം.എം.മണിയടക്കം പ്രമുഖർ പങ്കെടുത്തു. രാവിലെ പതിനൊന്ന് മണിയോടെ ബന്ധുക്കളുടെ അകമ്പടിയോടുകൂടിയാണ് കൗസല്യ, മധുസൂതനനുമൊത്ത് കല്യാണമണ്ഡപത്തിൽ എത്തിയത്.
ഹിന്ദു ആചാരപ്രകാരം ഇരുവരും അമ്പലത്തിലെത്തി പൂജകൾ നടത്തി. തുടർന്ന് കാൽനടയായി വട്ടവട ഊർക്കാട് കുര്യാക്കോസ് ഏലിയാസ് സ്കൂളിലെ കതിര്‍ മണ്ഡപത്തിലെത്തി. മന്ത്രി എം.എം മണി, എം.പി ജോയ്സ് ജോർജ്, എം.എൽ.എ എസ്.രാജേന്ദ്രൻ, കേന്ദ്ര കമ്മറ്റിയഗം ഗോവിന്ദൻ മാസ്റ്റർ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.എൻ സാനു, സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറക്കൽ, കെ.പി.മേരി, ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.
തുടർന്ന് ജില്ലാ സെക്രട്ടറി വിവാഹത്തിന്‍റെ ചടങ്ങുകൾ ആരംഭിക്കുന്നതായി അറിയിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ മധുസൂതനൻ കൗസല്യയുടെ കഴുത്തിൽ മിന്ന് ചാർത്തി. നവദമ്പതികൾക്ക് ഗോവിന്ദൻ മാസ്റ്റർ ആദ്യ വിവാഹ സമ്മാനം നൽകി. പെങ്ങളുടെ വിവാഹം അഭിമന്യുവിന്‍റെ ആഗ്രഹമായിരുന്നു. സിപിഎം മുന്‍കൈഎടുത്താണ് വിവാഹം നടത്തിയത്. അരമണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകളിൽ വട്ടവടയിലെ മുഴുവൻ നാട്ടുകാരും പങ്കെടുത്തു.
മഹാരാജാസ് കോളേജിലെ 100 ലധികം വിദ്യാർത്ഥികളും ചടങ്ങുകൾക്ക് സാക്ഷികളാകാനെത്തിയിരുന്നു. വന്നവര്‍ അഭിമന്യുവിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്ന് കൗസല്യയും ബന്ധുക്കളും പറഞ്ഞു. രാവിലെ തന്നെ ജില്ലയിലെ പ്രാദേശിക നേതാക്കളക്കം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വട്ടവടയിൽ എത്തിയിരുന്നു. നവദമ്പതികളോടൊപ്പം ചിത്രങ്ങളെടുത്തും കുശലം പറഞ്ഞുമാണ് ഏവരും മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam