
മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിനെ കാണാൻ പോലും കഴിയാതെ അബ്ദുൾ ഗഫൂർ പോയി. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ നടന്നുവരുന്നതിനിടെ കുഴഞ്ഞുവീണാണ് അന്ത്യം. കുന്നുംപുറം പറമ്പില്‍പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍, സൈനബ ദമ്പതികളുടെ മകനാണ് മരിച്ച 34 കാരൻ അബ്ദുല്‍ ഗഫൂര്‍. ഭാര്യ നസീബയെ ചെമ്മാട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു.
ഗഫൂറും ഭാര്യക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. പുറത്ത് കാറില്‍ കിടന്നുറങ്ങിയ ഗഫൂര്‍ രാവിലെ ഭാര്യയുടെ അടുത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവ് മരിച്ചതറിയാതെ വൈകിട്ടോടെ നസീബ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടായത്. പറമ്പില്‍പീടിക സ്റ്റാര്‍ ജങ് ഷനില്‍ മൊബൈല്‍ ഷോപ് നടത്തുകയായിരുന്നു അബ്ദുല്‍ ഗഫൂര്‍.
അതേസമയം മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്‍തിരുന്ന ജാഫര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും ദോഹയിലെത്തിയത്. ഭാര്യ - മിനി. മക്കള്‍ - മുഹമ്മദ് ഫായിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.
Read More : എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam