
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ 7 പേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. രണ്ടര ലക്ഷത്തിൽ അധികം രൂപയുടെ കേബിളുകളാണ് മോഷ്ടിച്ചത്. അതീവ സുരക്ഷ മേഖലയായ വന മേഖലയിൽ കടന്ന് അഞ്ച് ദിവസം തമ്പടിച്ചായിരുന്നു മോഷണം. സുരക്ഷ വീഴ്ചയിൽ വലിയ വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കെടുപാടുകൾ വരുത്തിയശേഷം 280 മീറ്റർ ആർ എഫ് കേബിൾ, 35 മീറ്റർ ഏർത്ത് കേബിൾ, 55 ഡി സി കേബിളുകൾ, 100 മീറ്റർ ലാൻഡ്ലൈൻ കേബിൾ, ഒന്നര കിലോമീറ്റർദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എം സി ബി കേബിൾ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ബിഎസ്എൻഎൽ ഡിവിഷണൽ എഞ്ചിനിയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്ത പമ്പ പൊലീസ്, ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ ഉത്തരവു പ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ലഭ്യമായ സൂചനകൾ അനുസരിച്ച് പാെലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണസംഘം മോഷ്ടാക്കളെ കുടുക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam