
കോഴിക്കോട്: പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടിൽ വച്ച് നടന്നിരുന്നു. വിവാഹത്തിനെത്തിയവർ പാരിതോഷികമായി നൽകിയ പണം സൂക്ഷിച്ചിരുന്ന പണപ്പെട്ടിയാണ് മോഷ്ടിച്ചത്. രാത്രി വിവാഹ സംഘം പോയ ശേഷം ഈ പണപ്പെട്ടി വീടിന് അകത്തെ ഓഫീസ് മുറിയിലേക്ക് മാറ്റിയിരുന്നു. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പണപ്പെട്ടിയിൽ ഏകദേശം 20 ലക്ഷം രൂപ നഷ്ടപെട്ടതായാണ് വിവരം.
ഇന്നലെ വിവാഹത്തിന് ശേഷം രാത്രിയാണ് സംഭവം. വരനും വധുവും വീട്ടിൽ നിന്ന് മടങ്ങിയിരുന്നു. രാവിലെ വീട്ടിലെ പന്തൽ അഴിക്കാൻ വന്ന തൊഴിലാളികളാണ് പറമ്പിൽ പണപ്പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരം വീട്ടുകാരെ അറിയിക്കുകയും പിന്നീട് പൊലീസും സ്ഥലത്തെത്തി. ഇത്തരമൊരു മോഷണം പ്രദേശത്ത് ആദ്യമാണ്. കല്യാണത്തിന് വന്ന ആരെങ്കിലും വീടിൻ്റെ പരിസരം നിരീക്ഷിച്ച് മനസിലാക്കിയ ശേഷം നടപ്പാക്കിയ മോഷണമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam