
തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രമം. പണവും സ്വര്‍ണവും ലഭിക്കാത്തതിനെ തുടര്‍ന്ന് മോഷ്ടാവ് അടുക്കളയില്‍ കയറി ഭക്ഷണം പാചകം ചെയ്തു കഴിച്ചു. സിസിടിവിയിലെ ദൃശ്യങ്ങള്‍ കണ്ട് വിദേശത്തുള്ള വീട്ടുടമ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കോട്ടപ്പടി പെരുവഴിത്തോട് മാറോക്കി മിനി ടോമിയുടെ വീടിന്റെ വൈദ്യുത ഫ്യൂസ് അഴിച്ചുമാറ്റി അടുക്കള വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരകള്‍ കുത്തി തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടു. ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അടുക്കളയില്‍ എത്തി മൂന്ന് കോഴിമുട്ടയെടുത്ത് ഗ്യാസ് അടുപ്പില്‍ പാചകം ചെയ്തു കഴിച്ചു. ഫ്രിഡ്ജിലുണ്ടായിരുന്ന പപ്പായയും എടുത്ത് ഭക്ഷിച്ചു.
തൊട്ടടുത്തുള്ള ചൂല്‍പ്പുറം വലിയ പുരക്കല്‍ വിപിനന്റെ മതില്‍ ചാടി കടന്നാണ് മോഷ്ടാവ് അകത്തെത്തിയത്. സിസിടിവി ക്യാമറകള്‍ എല്ലാം തിരിച്ചുവച്ചിട്ടുണ്ട്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് മരം ഇളക്കി എടുത്തു. അകത്തു കയറുമ്പോഴേക്കും വിദേശത്തുള്ള വിപിനന് ഫോണില്‍ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാനായി. വിപിനൻ ഉടനെ ഭാര്യ സരിതയേയും നാട്ടുകാരെയും വിവരമറിയിച്ചു. പൊലീസും നാട്ടുകാരും എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. മോഷ്ടാവ് കൊണ്ടുവന്ന കമ്പി പാരയും വെട്ടുകത്തിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുരുവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam