26 കുപ്പി മദ്യം, 27000 രൂപ, സിസിടിവി, എല്ലാം കള്ളന്മാർ കൊണ്ടുപോയി; തിരുവനന്തപുരത്ത് ബെവ്കോ ഔട്ട് ലെറ്റിൽ മോഷണം

Published : Mar 31, 2022, 10:45 PM ISTUpdated : Mar 31, 2022, 10:48 PM IST
26 കുപ്പി മദ്യം, 27000 രൂപ, സിസിടിവി, എല്ലാം കള്ളന്മാർ കൊണ്ടുപോയി; തിരുവനന്തപുരത്ത് ബെവ്കോ ഔട്ട് ലെറ്റിൽ മോഷണം

Synopsis

വിരലടയാള വിദഗ്ദർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ഇവരിൽ നിന്ന് തെളിവ് ലഭിക്കുന്നത് അന്വേഷണത്തിന് ഗുണമാകുമെന്നാണ് പൊലീസ് കരുതുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ വൻ മോഷണം. മദ്യ കുപ്പികൾക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാർ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്കോയുടെ കണക്ക്. മദ്യത്തിന് പുറമേ 27OOO രൂപയും സി സി ക്യാമറയുടെ ഡി വി ടിയും കള്ളന്മാർ കൊണ്ടുപോയിട്ടുണ്ട്.

കെട്ടിടത്തിന്‍റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു മോഷണം. രാവിലെ ഔട്ട് ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്. ഷോപ്പ് ഇൻചാർജ് ഉദ്യോഗസ്ഥനൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സി സി കാമറയുടെ പ്രധാന ഭാഗം മോഷണം പോയത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ലാത്തതും കള്ളൻമാർക്ക് എളുപ്പമായി. വലിയ വാഹനത്തിരക്കുള്ള വിഴിഞ്ഞം - കളിയിക്കാവിള റോഡിന് ചേർന്നാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നതെങ്കിലും മുൻവശം തകരഷീറ്റ് കൊണ്ട് മറച്ചിരുന്നതിനാൽ മോഷണം പുറത്തു നിന്നുള്ളവർ അറിഞ്ഞില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. വിരലടയാള വിദഗ്ദർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ഇവരിൽ നിന്ന് തെളിവ് ലഭിക്കുന്നത് അന്വേഷണത്തിന് ഗുണമാകുമെന്നാണ് പൊലീസ് കരുതുന്നത്.

കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് സുധീരന്‍റെ കത്ത്

അതേസമയം കേരള സർക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്തെത്തി. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന്  കത്തെഴുതി. അതി ഗുരുതരമായ സാമൂഹ്യദുരവസ്ഥയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനംമൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ചൂണ്ടികാട്ടിയ സുധീരൻ, പുതിയ മദ്യനയം അതിന് ആക്കം കൂട്ടുന്നതാകുമെന്നും അഭിപ്രായപ്പെട്ടു. മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ഐ ടി മേഖല ഉള്‍പ്പെടെയുള്ള പുതിയ തലങ്ങളിലേയ്ക്ക് മദ്യവ്യാപനം എത്തിക്കുക, മദ്യ ഉപയോഗത്തിലേയ്ക്ക് പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുക, മദ്യ ഉല്‍പ്പാദന യൂണിറ്റുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ വന്‍തോതിലുള്ള മദ്യവ്യാപന നിര്‍ദ്ദേശങ്ങളടങ്ങിയ പിണറായി സർക്കാരിന്‍റെ പുതിയ മദ്യ നയത്തിൽ തിരുത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുധീരന്‍റെ കത്ത് പൂ‍ർണരൂപത്തിൽ

പ്രിയപ്പെട്ട മുഖ്യമന്ത്രി,
മാരകമായ ലഹരി വിപത്തിന്റെ പിടിയിലമര്‍ന്ന കേരളത്തെ സര്‍വ്വനാശത്തിലേയ്ക്ക് എത്തിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളുടെയും മറ്റു ഉറ്റവരുടെയും ജീവനെടുക്കുന്നതും 
മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മറ്റു കുറ്റകൃത്യങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്ത് പെരുകിവരുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വളര്‍ന്നുവരുന്ന സാമൂഹിക അരാജകാവസ്ഥക്കും കാരണം മദ്യവും മയക്കുമരുന്നുമാണെന്ന യാഥാര്‍ത്ഥ്യം ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതിലും ക്വട്ടേഷന്‍-ഗുണ്ടാ-മാഫിയാ സംഘങ്ങളുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിലും പ്രധാന സ്വാധീന ഘടകം മദ്യവും മയക്കുമരുന്നും തന്നെയാണ്. അതി ഗുരുതരമായ സാമൂഹ്യദുരവസ്ഥയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനംമൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന 
സാമൂഹ്യഅരാജകാവസ്ഥയ്ക്ക് ആക്കംകൂട്ടുന്ന നിലയില്‍ ഈ വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ഐ.ടി മേഖല ഉള്‍പ്പെടെയുള്ള പുതിയ തലങ്ങളിലേയ്ക്ക് മദ്യവ്യാപനം എത്തിക്കുക, മദ്യ ഉപയോഗത്തിലേയ്ക്ക് പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് വീര്യംകുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുക, മദ്യഉല്‍പ്പാദന യൂണിറ്റുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ വന്‍തോതിലുള്ള മദ്യവ്യാപന നിര്‍ദ്ദേശങ്ങളാണ് ഈ നയത്തില്‍ ഉള്‍ക്കൊള്ളുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന അത്യന്തം ആപല്‍ക്കരമായ ലഹരി വിപത്തിന്റെ ആഘാതവ്യാപ്തി പുതിയ മദ്യനയം വിപുലമാക്കുമെന്നതില്‍ സംശയമില്ല. കേരളത്തെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേയ്ക്കും സര്‍വ്വനാശത്തിലേയ്ക്കും എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പിന്‍വലിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. കേരളീയ സമൂഹത്തെയും തമലുറകളെയും തകര്‍ച്ചയിലേക്കുനയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവിപത്തില്‍ നിന്നും നാടിനെയും ജനങ്ങളെയും സമ്പൂര്‍ണ്ണമായി രക്ഷിക്കുന്നതിന് പര്യാപ്തമായ നയങ്ങളും നടപടികളും ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നും താല്‍പര്യപ്പെടുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന മദ്യനയത്തിനാധാരമായി ഉയര്‍ത്തിവരുന്ന വാദമുഖങ്ങള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നത് നേരത്തേതന്നെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണല്ലോ.

സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്