പനമരം സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു

By Web TeamFirst Published Sep 22, 2021, 11:23 AM IST
Highlights

ഈ മേഖലയില്‍ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളൊന്നുമില്ലെന്നാണ് സിഎച്ച്എസിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള പനമരം പൗരസമിതി പറയുന്നത്.  

കല്‍പ്പറ്റ: വയനാട് ജില്ലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പനമരം ടൗണിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായിരിക്കുക്കകയാണ്. നിലവില്‍ ആറ് മണിക്ക് ശേഷം ഡോക്ടര്‍മാരോ പരിചയസമ്പന്നരായ നഴ്‌സുമാരോ ഇല്ലെന്ന ദുരവസ്ഥയാണ് ഈ സര്‍ക്കാര്‍ ആതുരാലയം നേരിടുന്നത്. 

പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കം പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. അപകടങ്ങള്‍ മുതല്‍ അടിയന്തിര ചികിത്സകള്‍ക്ക് വരെ നിത്യേന നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്. ഈ മേഖലയില്‍ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളൊന്നുമില്ലെന്നാണ് സി.എച്ച്.എസിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള പനമരം പൗരസമിതി പറയുന്നത്.  

പനമരത്ത് താലൂക്ക് ആശുപത്രി വരുന്നതോടെ മാനന്തവാടിയില്‍ സ്ഥിതി ചെയ്യുന്ന വയനാട് മെഡിക്കല്‍ കോളേജിലെ തിരക്ക് കുറക്കാനാകുമെന്ന് പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ ദ്വാരക, നാലാംമൈല്‍ പ്രദേശത്തുള്ളവര്‍ ചെറിയ രോഗങ്ങള്‍ക്ക് പോലും മെഡിക്കല്‍ കോളേജില്‍ പോയി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തിയ സാഹചര്യത്തില്‍ പനമരം സര്‍ക്കാര്‍ ആശുപത്രിയുടെ പ്രാധാന്യം വര്‍ധിച്ചതായി ഇവിടെയെത്തുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 

സിഎച്ച്സിയിലെ അസൗകര്യങ്ങള്‍ കാരണം ജനങ്ങളുടെ ബുദ്ധിമുട്ട് ഏറിയതോടെയാണ് പനമരം പൗരസമിതി പ്രശ്‌നം ഏറ്റെടുത്തത്. സമരത്തിന്റെ ആദ്യഘട്ടമെന്നോണം ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പുശേഖരണം നടത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ച് ധര്‍ണ്ണയും സംഘടിപ്പിച്ചു. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക തുടങ്ങിയവയാണ് പൗരസമിതിയുടെ ആവശ്യങ്ങള്‍. 

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് സമിതി പ്രവര്‍ത്തകര്‍ നിവേദനം കൈമാറിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള നപടികള്‍ ആരംഭിക്കാത്ത പക്ഷം നിരാഹാരം അടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമിതി കണ്‍വീനര്‍ റസാഖ് സി. പച്ചിലക്കാട് പറഞ്ഞു.

click me!