
കോഴിക്കോട്: നിരവധി കടകളില്‍ കയറി പണവും മറ്റ് വസ്തുക്കളും കവര്‍ന്ന ഇതര സംസ്ഥാനക്കാരനായ മോഷ്ടാവിനെ പിടികൂടി. അസം സ്വദേശി ജിയ്യാമ്പൂര്‍ റഹ്‌മാന്‍ ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസമായി മാവൂരിലെ കച്ചവടക്കാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. മാവൂരില്‍ മാത്രം ജിയ്യാമ്പൂര്‍ റഹ്‌മാന്‍ മോഷ്ടിക്കാന്‍ കയറിയത് എട്ട് കടകളിലാണ്. ഇതില്‍ മൂന്ന് കടകള്‍ക്ക് മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇരുനൂറ് മീറ്ററില്‍ താഴെ മാത്രമാണ് ദൂരം. ഈ കടകളില്‍ നിന്നെല്ലാമായി 40,000 രൂപയും നിരവധി സാധനങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.
കുന്ദമംഗലത്തും പടനിലത്തും കോഴിക്കടകളിലും ഹോട്ടലുകളിലും ജോലിക്ക് നിന്നാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തതിരുന്നത്. വലിയ തുക മോഷ്ടിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് അരീക്കോട് നിന്ന് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജിയ്യാമ്പൂര്‍ റഹ്‌മാന്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി, കുന്ദമംഗലം, മുക്കം തുടങ്ങിയ പൊലീസ് സ്‌റേറഷനുകളിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.