'പ്രിയ ചേട്ടത്തി, അന്ന് 700 പറ്റിച്ച് മുങ്ങി, ഈ 2000 സ്വീകരിക്കണം'; വര്‍ഷങ്ങൾക്ക് ശേഷം കള്ളന്റെ കത്ത്

By Shamil AmeenFirst Published Aug 11, 2022, 2:55 PM IST
Highlights

 " പ്രിയ ചേട്ടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും...''

പുൽപ്പള്ളി (വയനാട്) : വർഷങ്ങൾക്ക് മുൻപ് വയനാട് പെരിക്കല്ലൂരിൽ വ്യാപാരിയായിരുന്ന ജോസഫിന്‍റെ കണ്ണുവെട്ടിച്ച് 700 രൂപ വിലയുള്ള സാധനം കളവുപോയി. പിന്നീട് മനസ്സിനെ അലട്ടിയ കുറ്റബോധത്തിന് പരിഹാരമായി വർഷങ്ങൾക്ക് ശേഷം ജോസഫിന്‍റെ ഭാര്യ മേരിക്ക് കള്ളന്‍റെ ക്ഷമാപണവും 2000 രൂപയുമെത്തി. 

കഴിഞ്ഞ ദിവസമാണ് പെരിക്കല്ലൂര്‍  സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു പാഴ്സൽ വന്നത്. അയച്ചയാളുടെ പേരോ മേൽവിലാസമോ ഇല്ല. കവറിനുള്ളിൽ 2000 രൂപയും ഒരു കത്തും. സംശയത്തോടെ കത്ത് വായിച്ച വീട്ടമ്മ ശെരിക്കും ഞെട്ടി. കത്തിലെ വരികൾ ഇതായിരുന്നു..

"പ്രിയ ചേട്ടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി "

ആരാണ് കത്തയച്ചതെന്ന് ഇതുവരെയും മേരിക്ക് മനസിലായിട്ടില്ല. മേരിയുടെ ഭർത്താവ് ജോസഫ് പത്തുവർഷം മുമ്പ് മരിച്ചു. അതുകൊണ്ട് ഇനി ആളെ കണ്ടെത്താൻ വഴിയുമില്ല. ഭർത്താവിനെ ആരെങ്കിലും കബളിപ്പിച്ചോയെന്ന് മേരിക്കറിയില്ല. എങ്കിലും കുറ്റസമ്മതം നടത്തിയയാളുടെ മനഃസാക്ഷി സമൂഹത്തിന് മാതൃകയാവട്ടെയെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.

click me!