
തിരുവനന്തപുരം: മോഷ്ടിച്ചുകൊണ്ടുപോയ ഏണി തിരികെ കൊണ്ടുവന്നതിനൊപ്പം മാപ്പപേക്ഷക്കത്തും വച്ച് മോഷ്ടാക്കൾ. അരുവിക്കരയ്ക്ക് സമീപം വട്ടക്കുളത്താണ് കൗതുകകരമായ സംഭവം നടന്നത്. വട്ടക്കുളം എം.കെ. പവർ ടൂൾസ് എന്ന സ്ഥാപനത്തിൽനിന്ന് കഴിഞ്ഞ ഒക്ടോബർ 27-നാണ് പുതിയ അലുമിനിയം ഏണി മോഷണം പോയത്. വ്യാഴാഴ്ചയാണ് ഏണി കാണാനില്ലെന്ന വിവരം കടയുടമ അൻവറിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കടയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അന്ന് ഉച്ചയ്ക്ക് അൻവറും ഭാര്യ ജസീനയും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ സമയത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘം കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന ഏണിയുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. പിന്നാലെ സംഭവത്തിൽ അൻവർ അരുവിക്കര പൊലീസിൽ പരാതിയും നൽകി. ഇതിനിടെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അരുവിക്കരയിലെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു.
ദൃശ്യങ്ങൾ പ്രചരിക്കുകയും പൊലീസ് അന്വേഷണത്തിൻ്റെ വിവര ങ്ങൾ ഊർജിതമാക്കുകയും ചെയ്തതോടെ ഭയന്ന മോഷ്ടാക്കൾ ഇന്നലെ ആരും കാണാതെ ഏണിയും അതിനൊപ്പം മാപ്പപേക്ഷക്കത്തും കടയ്ക്ക് മുന്നിൽ തിരികെവെച്ച് കടന്നുകളയുകയായിരുന്നു. “അണ്ണാ സോറി… പറ്റിപ്പോയി… ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്, ആത്മഹത്യയുടെ വക്കിലാണ്. വൈറലാക്കരുത് ” എന്നൊക്കെയിരുന്നു കത്തിലെ വാക്കുകൾ. സി സി ടി വി പരിശോധിച്ചപ്പോൾ നമ്പർ മറച്ച നിലയിലെ ബൈക്കിൽ ഹെൽമെറ്റ് വച്ചാണ് ഇവർ എത്തിയതെന്ന് മനസിലായി.മോഷ്ടിച്ച ഏണി തിരികെ നൽകിയതിനൊപ്പം മാപ്പപേക്ഷയും എഴുതിവെച്ചെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam