ചേർത്തല വയലാർ പാലത്തിന്റെ അപ്രോച്ച് റോഡിൽ പ്ലാസ്റ്റിക്, കോഴി മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. പുലർച്ചെ വാഹനങ്ങളിലെത്തുന്നവരാണ് ഇവിടെ മാലിന്യം തള്ളുന്നത്.

ചേർത്തല:വയലാർ പാലത്തിന്റെ തെക്കേക്കരയിലെ അപ്രോച്ച് റോഡിന്റെ ഓരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. മാർക്കറ്റിൽനിന്നുള്ള കോഴി അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളുമാണ് വലിയ കിറ്റുകളിലാക്കി ഇവിടെ തള്ളിയിരിക്കുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനൊപ്പം കൊതുക് പെരുകുന്ന അവസ്ഥയിലുമാണ് പ്രദേശം. മൂന്നാം വാർഡിലുള്ള ഈ ഭാഗത്തേക്ക് പുലർച്ചെ കാറുകളിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്ന പുറത്തുനിന്നുള്ളവരാണ് വീടുകളിലെ മാലിന്യം വലിച്ചെറിയുന്നതെന്ന് നാട്ടുകാർ പറയുന്നു.

മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കാണിക്കുന്ന അലംഭാവമാണ് ഇത്തരം തള്ളലിന് കാരണമെന്നാണ് പ്രധാന വിമർശനം. ഹരിതകർമസേന യൂസർ ഫീ വാങ്ങുന്നുണ്ടെങ്കിലും വീടുകളിൽനിന്ന് മാലിന്യം കൃത്യമായി ശേഖരിക്കുന്നില്ലെന്നും പരാതിയുണ്ട്. ദേശീയപാതയോരങ്ങളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കായലോരങ്ങളിലും ഇത്തരത്തിൽ മാലിന്യം വർധിക്കുന്നത് പതിവായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.