
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായെത്തിയ രണ്ടുപേർ അറസ്റ്റിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് പൊലീസിന്‍റെ പഴുതടച്ചുള്ള നീക്കം. കഴിഞ്ഞ ദിവസമാണ് 193 ഗ്രാം എംഡിഎംഎയുമായി കാറിൽ വരുകയായിരുന്ന യുവതിയെയും യുവാവിനെയും ഡാൻസാഫ് ടീം പിടികൂടിയത്. ചെമ്പഴന്തി അങ്കണവാടി ലെയ്‌ൻ സാബു ഭവനിൽ സാബു(36), സുഹൃത്ത് ശ്രീകാര്യം കരിയം കല്ലുവിള സൗമ്യാഭവനിൽ രമ്യ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ മയക്കുമരുന്ന് വാങ്ങാൻ ബെംഗളൂരുവിലേക്ക് തിരിച്ചത് മുതൽ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡാൻസാഫ് ടീം പറഞ്ഞു.
ഒരാഴ്ച മുൻപായിരുന്നു ഇരുവരും മയക്കുമരുന്ന് വാങ്ങുന്നതിനായി ശ്രീകാര്യത്തുനിന്ന് കാറിൽ ബെംഗളുരുവിലേക്കു പോയത്. അവിടെ തങ്ങിയശേഷം ഏജന്റിന്റെ പക്കൽനിന്ന് മൂന്നുലക്ഷം രൂപനൽകിയാണ് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ശ്രീകാര്യത്തേക്കു മടങ്ങിയത്. ഈ വിവരം സിറ്റി ഡാൻസാഫ് സംഘത്തിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാതിർത്തിമുതൽ ഡാൻസാഫിന്റെ സംഘത്തെ നിയോഗിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് കാരോട് കഴക്കൂട്ടം ദേശീയപാതയിലേക്ക് മയക്കുമരുന്നുമായി രമ്യയും സാബുവും എക്കിയത്. കോവളത്തിനും മുല്ലൂരിനുമിടയിൽ ഡാൻസാഫ് സംഘം വാഹനങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കോവളം ഭാഗത്തേക്കു വരുകയായിരുന്ന ഇവരുടെ കാറിനെ ഡാൻസാഫ് സംഘം പിന്തുടർന്ന് കോവളം ജങ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വനിതാ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ദേഹപരിശോധനയിൽ യുവതി ധരിച്ചിരുന്ന ചെരിപ്പുകൾക്കുള്ളിൽനിന്നു ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. പ്രതികളെ കോവളം പൊലീസിനു കൈമാറി. സിറ്റിയിലും പരിസരങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നതിനാണ് ഇവർ ലഹരി കടത്തിയതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.