
തിരുവനന്തപുരം: പെരുമാതുറയിൽ പതിനേഴുകാരൻ ഇർഫാന്‍റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. സുഹൃത്തുക്കൾ എന്തോ മണപ്പിച്ചു എന്നും അതിന് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്നും മരിക്കും മുന്നേ മകൻ പറഞ്ഞെന്ന് വ്യക്തമാക്കി ഇർഫാന്‍റെ ഉമ്മ റജില പരാതിയുമായി രംഗത്തെത്തിയതോടെയാണ് മരണത്തിൽ സംശയങ്ങൾ കൂടിയത്. അമിത അളവിൽ മയക്കുമരുന്നു നൽകിയെന്നാണ് ഉമ്മ റജിലയുടെ പരാതി.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയതെന്ന് ഉമ്മ വ്യക്തമാക്കി. ഒരു മണിക്കൂറിന് ശേഷം വൈകീട്ട് ഏഴുമണിയോടെ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞെന്നും റജിലയുടെ പരാതിയിൽ പറയുന്നു. ഇതിന് ശേഷം ക്ഷീണിതനായി വീട്ടിലെത്തിയ ഇർഫാൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പിന്നീട് ശക്തമായ ഛർദ്ദിയുമുണ്ടായി. ഇതോടെ മകനെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടിൽ എത്തിയെങ്കിലും ഇര്‍ഫാന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാൻ മരിച്ചു. മകന്‍റെ മരണത്തിന് കാരണമെന്താണെന്ന് അറിയണമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഉമ്മ റജില ആവശ്യപ്പെട്ടു.
അതേസമയം മകന്‍റെ മരണം സംബന്ധിച്ച റജിലയുടെ പരാതിയിൽ കേസെടുത്ത കഠിനംകുളം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഒപ്പം തന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാൽ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഏവരും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ ഇർഫാന്‍റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam