
ആലപ്പുഴ: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളിലെ പൊങ്കാല അര്‍പ്പണത്തിന് ചക്കുളത്ത് കാവിലെത്തിയത് പതിനായിരങ്ങള്‍. ചക്കുളത്ത് കാവിന് പരിസരത്തും ദൂരദേശങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും നാവില്‍ ദേവീസ്തുതികളുമായി നാനാദേശങ്ങളില്‍ നിന്നായി നേരത്തെ തന്നെ ഭക്തര്‍ ക്ഷേത്രാങ്കണത്തില്‍ ഇടം പിടിച്ചു. ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ചൊവ്വാഴ്ച തന്നെ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു.
ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്ററോളം നീളത്തില്‍ വരെ പൊങ്കാലയര്‍പ്പിക്കാനെത്തിയവരുടെ നിര നീണ്ടു. ക്ഷേത്രത്തില്‍ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിവിധ റോഡരികുകളിലൂടെ പൊങ്കാലര്‍പ്പണം നീണ്ടു. അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ ഭക്തര്‍ പൊങ്കാലയിടാനെത്തിയിരുന്നു.
ഭക്തരുടെ സൗകര്യര്‍ത്ഥം സ്ഥിരം സര്‍വീസിന് പുറമെ വിവിധ ഡിപ്പോകളില്‍ നിന്നായി നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു. ഭക്തരെ സഹായിക്കാനായി വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എടത്വ ഇന്‍സ്‌പെക്ടർ കെ. എൽ. മഹേഷിന്റെ നേതൃത്വത്തില്‍ എണ്ണൂറോളം പൊലീസുകാരും ആയിരത്തോളം ക്ഷേത്ര വൊളന്റിയര്‍മാരും ഭക്തരുടെ സേവനത്തിനായുണ്ടായിരുന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിരുന്നു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ താലുക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെല്ലാം ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam