
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കൊല്ലൂർക്കോണം കബറഡി ഷബീർ മൻസിലിൽ യാസിൻ (21), സഹോദരൻ ഷമീർ(29), കബറഡി സാജിത് മൻസിൽ സാജിത് (19) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. മേലെ തോന്നയ്ക്കൽ സ്വദേശി ബിലാൽ (18) നെയാണ് ഇവർ മർദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
സ്കൂട്ടറിൽ വരികയായിരുന്ന ബിലാലിനെ വഴിയിൽ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മംഗലപുരം കാരോട് വച്ചായിരുന്നു സംഭവം. കാറിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷവും സംഘം പിൻതുടർന്നെത്തി അസഭ്യം പറഞ്ഞുവെന്ന് യുവാവിന്‍റെ വീട്ടുകാർ മംഗലപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്‍റെ സ്കൂട്ടറും പ്രതികൾ തട്ടിയെടുത്തു. യുവാവിന്‍റെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത് എതിർ സംഘത്തെ വരുതിയിലാക്കാനാണെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾ കുടുംബ സമേതം ഒളിവിലായതായികുന്നു അറസ്റ്റ് വൈകാൻ കാരണം. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായതെന്നും ഇവരുടെ കൂട്ടാളികൾക്കായി അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam