
തൃശൂര്‍: സുരേഷ് ഗോപിയുടെ കല്ലുങ്ക് സൗഹൃദ ചര്‍ച്ചയില്‍ പങ്കെടുത്ത വരന്തരപ്പിള്ളി പഞ്ചായത്ത് വാര്‍ഡ് നാലിലെ മൂന്ന് ബിജെപി പ്രവര്‍ത്തകരും കുടുംബവും പിറ്റേ ദിവസം കോണ്‍ഗ്രസില്‍. പതിനെട്ടാം തിയതി ശനിയാഴ്ച്ചയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലുങ്ക് ചര്‍ച്ച നടന്നത്. കല്ലുങ്ക് ചര്‍ച്ച കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അതേ വാര്‍ഡിലെ മൂന്ന് ബിജെപി പ്രവര്‍ത്തകരും അവരുടെ കുടുംബവും കോണ്‍ഗ്രസില്‍ ചേർന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച വാര്‍ഡ് കൂടിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡ്.
കെപിസിസി അംഗം നിഖില്‍ ദാമോദരന്‍ കോണ്‍ഗ്രസിലേക്ക് വന്ന ബിജെ.പി പ്രവര്‍ത്തകരേയും കുടുംബത്തേയും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് നാലാം വാര്‍ഡിലെ സജീവ ബിജെപി പ്രവര്‍ത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും അവരുടെ കുടുംബവുമാണ് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദിയും, സുരേഷ് ഗോപിയും, സംഘപരിവാറുമെല്ലാം പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ മനംമടുത്ത് നിരവധിയായ വ്യക്തികളും കുടുംബങ്ങളും അടുത്ത ദിവസങ്ങളിലും കോണ്‍ഗ്രസിലേക്ക് കടന്ന് വരുമെന്നും തെറ്റുതിരുത്തി വരുന്ന ഇവരെയെല്ലാം കോണ്‍ഗ്രസ് എന്ന മതേതരത്വ പ്രസ്ഥാനം ചേര്‍ത്ത് നിര്‍ത്തുമെന്നും കെപിസിസി അംഗം നിഖില്‍ ദാമോദരന്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ സെക്രട്ടറി നിഷ രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് പ്രീജ, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോസ് പ്രകാശ്, മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ്, മണ്ഡലം ട്രഷറര്‍ റിന്റോ, സെക്രട്ടറി സംഗീത, മഹിളാ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പ്രീമ, കെ.എസ്.യു. ജില്ലാ കമ്മിറ്റി അംഗം ആദില്‍ എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചു. കെ.പി.സി.സി. മെമ്പര്‍ നിഖില്‍ ദാമോദരന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ 31 കുടുംബങ്ങളെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിക്കുന്ന കാമ്പയിനും നടന്നുവരികയാണ്, ഇതിന്റെ ഭാഗമായി 16 കുടുംബങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്.