
ആലപ്പുഴ: കെ എസ് ആർ ടി സി ബസിൽ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരനെ വഴിയിൽ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും കടന്നു കളഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 11.45 ന് തൃശൂർ- വിഴിഞ്ഞം ബസിൽ ചേർത്തലയിൽ നിന്ന് കയറി പാതിരപ്പള്ളിക്ക് യാത്ര ചെയ്ത അഭിലാഷ് എന്ന യാത്രക്കാരനാണ് ഡ്രൈവറിന്റെ അശദ്ധ്രമൂലം സീറ്റിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയില്‍ വാരിയെല്ലിന് പൊട്ടലും കഴുത്തിന് ഒടിവും സംഭവിച്ച യാത്രക്കാരനെ കെഎസ്ഡിപിയ്ക്ക് മുന്നിൽ വഴിയിൽ ഇറക്കിവിട്ട് ഡ്രൈവറും കണ്ടക്ടറും കടന്നു കളയുകയായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യാത്രക്കാർ കുറവായിരുന്ന വണ്ടി അമിത വേഗതയിലായിരുന്നുവെന്ന് അഭിലാഷ് പറഞ്ഞു.
പാതിരപ്പള്ളിയില്‍ ഇറങ്ങണമെന്ന് കണ്ടക്ടറോട് അഭിലാഷ് പറഞ്ഞെങ്കിലും പാതിരപ്പള്ളി അറിയില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. തുടര്‍ന്ന് അഭിലാഷ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് കണ്ടക്ടറോട് സംസാരിച്ച സമയത്ത് ഡ്രൈവർ ബസിന്റെ സ്പീഡ് പൊടുന്നനെ കൂട്ടുകയും വലിയൊരു ഗട്ടറിൽ ബസ് ചെന്ന് പതിച്ചത് മൂലം അഭിലാഷ് തലയടിച്ച് വീഴുകയായിരുന്നു. ശക്തമായ വേദനയും ശ്വാസതടസ്സവും നേരിട്ട അഭിലാഷ് തന്നെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ കെഎസ്ഡിപിക്ക് മുന്നിൽ ബസ് നിർത്തി അഭിലാഷിനെ ഇറക്കി വിട്ടുവെന്നാണ് പരാതി. വേദന സഹിക്കവയ്യാതെ അഭിലാഷ് റോഡരികിലിരുന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും സുഹൃത്തുക്കൾ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വാരിയെല്ലിന് പൊട്ടലും കഴുത്തിന് ഒടിവും സംഭവിച്ച അഭിലാഷിന് 6 മാസത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചത്. വെൽഡിംഗ് ജോലികൾ ചെയ്തും കലാ പ്രവർത്തനങ്ങൾ നടത്തിയും ജീവിതം തള്ളി നീക്കുന്ന അഭിലാഷിന്റെ തുടർ ചികിത്സക്ക് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കുടുംബം.