
തൃശ്ശൂർ: ഹോട്ടലിൽ കയറിയ മൂന്നുപേർ, കഴിക്കാൻ എന്തുണ്ട്? സപ്ലയർ ബിരിയാണി ഉണ്ട് സാർ, എന്നാൽ മൂന്ന് പ്ലേറ്റ് പോരട്ടെ, ഇതുവരെ കാര്യങ്ങളൊക്കെ ഒക്കെയാണ്, ഇനിയാണ് കഥ മാറുന്നത്, ഇവർക്ക് ബിരിയാണി വെറുതെ വേണം, പൈസ കൊടുക്കില്ല, പറ്റില്ലെന്നായി ഹോട്ടലുകാർ, ഇതോടെ മൂന്നുപേരുടെയും തനിനിറം വെളിച്ചത്തായി, ഹോട്ടൽ അടിച്ച് തകര്‍ത്താണ് ഇവർ അരിശം തീർത്തത്. സംഭവം തൃശ്ശൂർ തൃപ്രയാറിൽ.
ബിരിയാണി കടം നൽകാത്തതിന് മൂന്നംഗ മദ്യപസംഘം ഹോട്ടൽ തല്ലി തകർക്കുകയായിരുന്നു. ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തു. തൃപ്രയാർ ജംങ്ഷനു വടക്ക് പ്രവർത്തിക്കുന്ന കലവറ ഹോട്ടലാണ് ബുധനാഴ്ച രാത്രി മൂന്നംഗ മദ്യപ സംഘം തകർത്തത്. ഉടമയെ കയ്യേറ്റം ചെയ്യുകയും ജോലിക്കാരെ ക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. തലക്ക് ഗുരുതര പരുക്കേറ്റ ആസാം സ്വദേശിയായ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ ഗ്ലാസ്സുകളും ഫർണ്ണീച്ചറുകളും തകർത്ത നിലയിലാണ്. അക്രമത്തിന് സ്ഥലം വിട്ട അക്രമികളെ പിടികൂടാനായിട്ടില്ല.
കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ഇത്തരം അക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികളും രാത്രികാല പൊലീസ് പട്രോളിങ്ങും ഊർജ്ജിതമാക്കണമെന്നും തൃപ്രയാർ - നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ. സമീർ വലപ്പാട് പോലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam