
ചേർത്തല: വേളാങ്കണ്ണിയിൽ പോയി മടങ്ങിവരുമ്പോൾ മരണമടഞ്ഞ ഒരു കുടുംബത്തിലെ മുന്ന് പേർക്കും നാളെ നാട് കണ്ണീരോടെ യാത്രാ മൊഴി നൽകും. അർത്തുങ്കൽ നിന്നും വേളാങ്കണ്ണിയിൽ പോയി മടങ്ങിവരുകയായിരുന്ന ട്രാവലറും ടൂറിസ്റ്റ് ബസും പാലക്കാട്ട് വടക്കഞ്ചേരിയിൽ വെച്ച് കൂട്ടിയിടിച്ചാണ് മൂന്നു പേരും മരിച്ചത്.
ചേർത്തല തെക്ക് പഞ്ചായത്ത് 21-ാം വാർഡ് അർത്തുങ്കൽ ചമ്പക്കാട്ട് വീട്ടിൽ പൈലി മൈക്കിൾ (70), ഭാര്യ റോസിലി (65), പൈലിയുടെ സഹോദരൻ വർഗീസ് മൈക്കിളിൻ്റെ ഭാര്യ ജെസി (50)എന്നിവരുടെ മൃതദേഹം ഇന്ന് (തിങ്കളാഴ്ച )വൈകീട്ട് അർത്തുങ്കലിലെ വീടുകളിൽ കൊണ്ടുവന്നത്. ഒരു നാട് മുഴുവൻ ചമ്പക്കാട് വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നു. കുട്ടക്കരച്ചിലും നാട്ടുകാരുടെ തള്ളിക്കയറ്റത്തിനു ഇടക്ക് വളരെ പാടുപെട്ടാണ് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിനായി മൃതദേഹങ്ങൾ വച്ചത്.
വിവിധ രാഷ്ടിയ- സാസ്കാരിക രംഗത്തെ പ്രമുഖർ ആദരാജ്ഞലികൾ അർപ്പിച്ചു. നാളെരാവിലെ എട്ടിന് വികാരി ഫാ. ഷൈജു പരിയാത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അർത്തുങ്കൽ സെൻ്റ് ജോർജ് പള്ളി സെമിത്തേരിൽ മൂവരേയും സംസ്ക്കരിക്കും. പൈലി മൈക്കിളിൻ്റെ സഹോദരൻ വർഗീസും അപകടത്തിൽ പെട്ട ട്രാവലറിൻ്റെ ഡ്രൈവർ അഖിലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തന്നെയാണ്.
സാരമല്ലാത്ത പരിക്കേറ്റ മറ്റുള്ളവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മരിച്ച ജെസിയുടെ മകൾ വർഷയുടെ ജോലി സoബന്ധമായി യുകെയിലേക്ക് പോകുന്നതിൻ്റെ വഴിപാടായാണ് ഇവർ വേളാങ്കണ്ണിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി ഇരുട്ടിയും തൊരാ മഴയിൽ ആദരാജ്ഞലികൾ അർപ്പിക്കാൻ ധാരാളം പേർ എത്തി.