
ആലപ്പുഴ: ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു. വെട്ടുവേനി ആതിര ഭവനത്തിൽ മാധവന്റെ മകൻ അജി (52) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ലോട്ടറി വില്പനക്കിടെ റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് അജി മരം മുറിക്കുന്നതിനിടെ വീണ് ഇടതു കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റിയിരുന്നു. തുടർന്ന് മത്സ്യ വ്യാപാരം നടത്തി. അതിന് ശേഷമാണ് ലോട്ടറി കച്ചവടത്തിനിറങ്ങിയത്.
ദിവസവും 4.30 ന് വീട്ടിൽ നിന്നും ഇറങ്ങി ഹരിപ്പാട് എത്തി മത്സ്യ വ്യാപാരികൾക്ക് ഉൾപ്പടെ ലോട്ടറി നൽകുന്നത് പതിവാണ്. ഇങ്ങനെ വന്ന് മാധവ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിലായിരുന്നു അപകടം. ഭാര്യ: സുലോചന. മക്കൾ: ആതിര, അഖിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam