പുലർച്ചെ വലിയൊരു ശബ്ദം, ലൈറ്റിട്ടപ്പോർ ചിലർ ഓടി; വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Published : Jun 05, 2025, 07:50 PM IST
sandalwood robbery

Synopsis

വലിയ ശബ്ദം കേട്ട് കരുണന്‍ വീടിന്റെ ടെറസില്‍ കയറി വെളിച്ചം തെളിച്ചപ്പോള്‍ മോഷ്ടാക്കള്‍ പുരയിടത്തിലെ മുകള്‍ ഭാഗത്തെ റോഡിലേക്ക് ഓടിപ്പോകുന്നതാണ് കണ്ടത്.

വടകര: കോഴിക്കോട് വടകരയില്‍ വീട്ടുവളപ്പിലേത് ഉള്‍പ്പെടെയുള്ള ചന്ദന മരങ്ങള്‍ മോഷ്ടിച്ചു കടത്തി. മന്തരത്തൂര്‍ വെള്ളറാട് മലയിലും സമീപത്തെ വീട്ടുപറമ്പിലുമുള്ള മരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കരുവരാട്ട് കരുണന്റെ വീട്ടുവളപ്പിലെ 30 വര്‍ഷം പ്രായമുള്ള ചന്ദനമരവും കരുവാട്ട് ദാമോദരന്‍, മയങ്കളത്തില്‍ മൂസഹാജി എന്നിവരടെ ഉടമസ്ഥതയിലുള്ള പറമ്പുകളിലെ മരങ്ങളുമാണ് നഷ്ടപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പറമ്പിൽ നിന്നും വലിയ ശബ്ദം കേട്ട് കരുണന്‍ വീടിന്റെ ടെറസില്‍ കയറി വെളിച്ചം തെളിച്ചപ്പോള്‍ മോഷ്ടാക്കള്‍ പുരയിടത്തിലെ മുകള്‍ ഭാഗത്തെ റോഡിലേക്ക് ഓടിപ്പോകുന്നതാണ് കണ്ടത്. ഇവര്‍ മരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ചന്ദനത്തിന്റെ അവശിഷ്ടങ്ങളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മരം വിലയ്ക്ക് വാങ്ങാന്‍ എന്ന പേരില്‍ കുറച്ചുപേര്‍ സമീപിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വില്‍ക്കാന്‍ തയ്യാറല്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. ഇതോടെ ഇവർ മടങ്ങി.

ഈ സംഘമാകാം രാത്രിയുടെ മറവിൽ മരം മുറിച്ച് കടത്തിയതെന്നാണ് സംശയം. മോഷണം സംബന്ധിച്ച് വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്ഥല ഉടമകള്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികളും രാത്രി കടന്നുപോയ വാഹനങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ ഉടനെ കണ്ടെത്തുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്