
റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലി(Raebareli) ജില്ലയിൽ കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ബേക്കറി(snacks) കഴിച്ച് സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം(death). നാലും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റായ്ബറേലി ജില്ലയിലെ ഉൻചഹാർ മേഖലയിലാണ് സംഭവം നടന്നത്. പെൺകുട്ടികളുടെ പിതാവ് നവീൻ കുമാർ സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ജമുനാപൂർ മാർക്കറ്റിൽ നിന്നും കുട്ടികള്‍ക്കായി ലഘുഭക്ഷണങ്ങൾ വാങ്ങി കൊണ്ടുവന്നിരുന്നു.
ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ച മൂന്ന് പെൺകുട്ടികളും ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുടുംബം അവരെ എന്‍ റ്റി പി സി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഒരു പെണ്‍കുട്ടി മരണപ്പെട്ടു. ഇതോടെ മറ്റ് രണ്ടുപേരെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രണ്ട് കുട്ടികളും മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്ര ഗ്രാമത്തിലെത്തി പെൺകുട്ടികൾ കഴിച്ച ലഘുഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗ്രാമത്തിലെ മറ്റ് കുട്ടികളെ പരിശോധിക്കാൻ ഒരു മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്ര പറഞ്ഞു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ടെന്നും മിശ്ര കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam