മൂന്ന് കൊല്ലം പഞ്ചായത്തിന്‍റെ ജനകീയ പ്രസിഡന്‍റ് ; ഇന്ന് ആനപരിപാലന കേന്ദ്രത്തില്‍ തൂപ്പ് ജോലി

Published : Aug 01, 2019, 11:36 AM IST
മൂന്ന് കൊല്ലം പഞ്ചായത്തിന്‍റെ ജനകീയ പ്രസിഡന്‍റ് ; ഇന്ന് ആനപരിപാലന കേന്ദ്രത്തില്‍ തൂപ്പ് ജോലി

Synopsis

ഉപജീവനത്തിനായി കാട്ടുചുള്ളി പെറുക്കി കോട്ടൂരിൽ എത്തിച്ച് ചായക്കടകളിലും വീടുകളിലും ഒക്കെ വിറ്റാണ് ഒരുകാലത്ത് ജീവിതം മുന്നോട്ടു നയിച്ചത്. പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ശേഷവും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകും എന്ന തിരിച്ചറിവുണ്ടെങ്കിലും പ്രാരാബ്ധം മറികടക്കാൻ രണ്ടും കൽപ്പിച്ച് കാടുകയറുമായിരുന്നെന്നും സുഗന്ധി പറഞ്ഞു. 


തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ മറ്റേതൊരു തൊഴിലാളിയേയും പോലെയാണ് സുഗന്ധിയും. എന്നാല്‍ കുറ്റിച്ചൽ പഞ്ചായത്തുകാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ജനകീയ പ്രസിഡന്‍റായിരുന്നു, സുഗന്ധി. 

മൂന്ന് കൊല്ലം കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു സുഗന്ധി. രണ്ട് പതിറ്റാണ്ട് മുൻപ് സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ പഞ്ചായത്തിൽ ഉത്തരംകോട് വാർഡിൽ നിന്ന് മത്സരിച്ച സുഗന്ധി വിജയിച്ചു. എന്നാല്‍ പഞ്ചായത്ത് ഭരണം തുലാസിലായി. ഇതേതുടര്‍ന്ന്  മൂന്ന് പാർട്ടികളുടെയും പിന്തുണയോടെ ജനകീയ പ്രസിഡന്‍റായി അധികാരമേറ്റു.  

എന്നാല്‍ മൂന്ന് വര്‍ഷം പഞ്ചായത്ത് ഭരിച്ച കോട്ടൂർ ഉത്തരംകോട് മലവിള റോഡരികത്ത് വീട്ടിൽ സുഗന്ധി ( 48), കഴിഞ്ഞ മൂന്ന് വർഷമായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ദിവസവേതനത്തിന് തൂപ്പു ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. 

കൊഴിഞ്ഞു വീഴുന്ന ഇലകൾ തൂത്തു മാറ്റിയും, ആന പിണ്ഡവും, ആനകൾ ഭക്ഷിച്ച ശേഷമുള്ള ഓലയുടെയും മറ്റും അവശിഷ്ടങ്ങളും ഒക്കെ വാരി മാറ്റിയും കർമ്മ നിരതയാണ് ഈ സാധാരണക്കാരി. അധികാര  ദുർവിനിയോഗം നടത്തി പണവും സ്വത്തും സമ്പാദിക്കുന്നവരിൽ നിന്നും വ്യത്യസ്തയായി തന്‍റെ അധികാരം ഉപയോഗിച്ച് സ്വാർത്ഥ  താല്പര്യങ്ങൾ ഇല്ലാതെ നാടിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച സുഗന്ധി, പഞ്ചായത്തിൽ  സഞ്ചാര യോഗ്യമായ റോഡുകള്‍ നിര്‍മ്മിക്കുകയും, ആയൂർവേദ ആശുപത്രിക്ക് തറക്കല്ലിടുകയും, പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്‌കൂൾ കൊണ്ടുവരുന്നതിന് മുൻകൈ എടുക്കുകയും, ഒപ്പം അർഹതപ്പെട്ടവരെ പഞ്ചായത്ത് ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും വൈദ്യുതിയും വെള്ളവുമൊക്കെ എത്തിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട പ്രസിഡന്‍റാണ്.

ആരോടും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന പ്രസിഡന്‍റ്. എന്നാൽ ഭരണം ഒഴിഞ്ഞ ശേഷം സ്വന്തമായി വീടിനും, വൈദ്യുതിക്കും, വെള്ളത്തിനുമായി ഭരിച്ചിരുന്ന പഞ്ചായത്ത് ഉൾപ്പടെ മുട്ടാത്ത വാതിലുകളില്ല. ഒപ്പം ഉണ്ടായിരുന്നവർ പോലും സഹായിച്ചില്ല. ഇങ്ങനെ വർഷങ്ങൾ കയറിയിറങ്ങി ഒടുവിൽ നാട്ടുകാരുടെ സുമനസ് കൊണ്ടാണ് വീട് പണിയും മറ്റും നടന്നത്. 

പണിപൂർത്തീകരിക്കാത്ത വീടാണെങ്കിലും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടായല്ലോ എന്ന സമാധാനമാണ് ഇവർക്കുള്ളത്. അതേ സമയം പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ മകളുടെ തുടർ പഠനം പ്രാരാബ്ധങ്ങൾ കാരണം നടത്താൻ പറ്റാത്തതിലുള്ള കടുത്ത ദുഖവും നിരാശയും സുഗന്ധി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട്  പങ്കുവച്ചു. 

ഉപജീവനത്തിനായി കാട്ടുചുള്ളി പെറുക്കി കോട്ടൂരിൽ എത്തിച്ച് ചായക്കടകളിലും വീടുകളിലും ഒക്കെ വിറ്റാണ് ഒരുകാലത്ത് ജീവിതം മുന്നോട്ടു നയിച്ചത്. പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ശേഷവും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകും എന്ന തിരിച്ചറിവുണ്ടെങ്കിലും പ്രാരാബ്ധം മറികടക്കാൻ രണ്ടും കൽപ്പിച്ച് കാടുകയറുമായിരുന്നെന്നും സുഗന്ധി പറഞ്ഞു. ഇവിടെയായത് കൊണ്ട് ഇനി മൃഗങ്ങളുടെ ആക്രമണം ഭയക്കണ്ടല്ലോയെന്ന ആശ്വാസമുണ്ട്.  ഭർത്താവ് ശശികുമാർ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അധികം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മകൾ അരുണിമ പ്ലസ് ടൂ കഴിഞ്ഞു. മകൻ അരുൺജിത് ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി